മാഡ്രിഡ് : അവസാന നിമിഷം എതിരാളികള്‍ സടകുടഞ്ഞെണീറ്റ് ഇരട്ട ഗോളുകള്‍ നേടിയെങ്കിലും ലാ ലിഗ ഫുട്ബാള്‍ മത്സരത്തില്‍ വിജയവുമായി രക്ഷപെട്ട് റയല്‍ മാഡ്രിഡ്.കഴിഞ്ഞരാത്രി നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്ക് ഡീപോർട്ടീവോ അലാവേസിനെയാണ് റയല്‍ തോല്‍പ്പിച്ചത്.
മത്സരത്തിന്റെ ആദ്യമിനിട്ടില്‍തന്നെ അലാവേസിന്റെ വലകുലുക്കിയ റയല്‍ 48-ാം മിനിട്ടില്‍ 3-0ത്തിന് മുന്നിലെത്തിയിരുന്നതാണ്. എന്നാല്‍ 85–ാം മിനിട്ടിലും 86-ാം മിനിട്ടിലും സ്കോർ ചെയ്ത് അലാവേസ് ആവേശമുണർത്തിയപ്പോള്‍ ഒന്നുഭയന്നു. പക്ഷേ അവസാന മിനിട്ടുകളിലെ എതിരാളികളുടെ സമ്മർദ്ദത്തെ മറികടന്ന് കളി ജയിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കിക്കോഫിന് പിന്നാലെ ഫ്രെഡറിക്കോ വല്‍വെർദോ നീട്ടി നല്‍കിയ പന്ത് പിടിച്ചെടുത്ത് വിനീഷ്യസ് ജൂനിയർ നല്‍കിയ ക്രോസാണ് ക്ളോസ് റേഞ്ച് ഫിനിഷിലൂടെ ലൂക്കാസ് വസ്ക്വേസ് റയലിന്റെ ആദ്യ ഗോളാക്കി മാറ്റിയത്. 40-ാം മിനിട്ടില്‍ സൂപ്പർ താരം കിലിയൻ എംബാപ്പെയിലൂടെ റയല്‍ ലീഡുയർത്തി. 2-0 എന്ന ലീഡിലാണ് റയല്‍ ഇടവേളയ്ക്ക് പിരിഞ്ഞത്. 48-ാം മിനിട്ടില്‍ റോഡ്രിഗോ റയലിനെ 3-0ത്തിന് മുന്നിലെത്തിച്ചു. വിജയമുറപ്പിച്ച് അലസതയോടെ നീങ്ങിയ റയലിനെ ഞെട്ടിച്ചുകൊണ്ടാണ് 85-ാം മിനിട്ടില്‍ ബോക്സിന് പുറത്തുനിന്നുള്ള ഗുവാരയുടെ പാസില്‍നിന്ന് കാർലോസ് ബെനാവിദേസ് വലകുലുക്കിയത്. ഇതിന്റെ ഞെട്ടല്‍ മാറുംമുന്നേ വീണ്ടും റയല്‍വല കുലുങ്ങി. ഇത്തവണ ബെനാവിദേസിന്റെ പാസില്‍ നിന്ന് കിക്കേ ഗാർഷ്യയാണ് സ്കോർ ചെയ്തത്. തുടർന്ന് വിനീഷ്യസിനെ മാറ്റി ഡിഫൻഡറെ ഇറക്കി റയല്‍ വിജയം കൈവിടാതെ മത്സരം പൂർത്തിയാക്കി.
ഏഴു മത്സരങ്ങളില്‍ അഞ്ചുവിജയങ്ങള്‍ ഉള്‍പ്പെടെ 17 പോയിന്റുമായി റയല്‍ മാഡ്രിഡ് ലാലിഗ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്. ആറു കളികളില്‍ നിന്ന് 18 പോയിന്റുള്ള ബാഴ്സലോണയായണ് ഒന്നാമത്.