തിരുവനന്തപുരം : ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന എട്ടു വയസുകാരൻ മരിച്ചു. ഭക്ഷ്യവിഷബാധയെ തുടർന്നാണ് കുട്ടി മരിച്ചതെന്നാണ് സംശയം. കാട്ടാക്കട സ്വദേശി ഗിരീഷ് – മനീഷ ദമ്പതികളുടെ മകൻ ആദിത്യനാണ് (8) മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയായിരുന്നു മരണം.
കഠിനമായ വയറുവേദനയും വയറിളക്കവും കാരണം ശനിയാഴ്ച കുട്ടിയെ മണിയറവിള താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരുന്ന് നല്കി വിട്ടയച്ചു. പിന്നീട് ആരോഗ്യസ്ഥിതി മോശമായതോടെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വിളപ്പില്‍ശാലയിലെ ഒരു ഹോട്ടലില്‍ നിന്ന് കുട്ടി പൊറോട്ടയും ബീഫും കഴിച്ചിരുന്നു. പിന്നാലെ ആണ് കുട്ടിക്ക് ഛർദിയും വയറുവേദനയും ഉണ്ടായത്. ഭക്ഷ്യവിഷബാധ എന്ന സംശയത്തെ തുടർന്ന് ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ ലൈസൻസ് ഇല്ലാതെ ആണ് ഹോട്ടല്‍ പ്രവർത്തിച്ചത് എന്ന് കണ്ടെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് ഹോട്ടല്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് അധികൃതർ പൂട്ടിച്ചു. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയെടുക്കും. കാട്ടാക്കട കുളത്തുമ്മല്‍ എല്‍പി സ്കൂള്‍ വിദ്യാർത്ഥിയായിരുന്നു മരിച്ച ആദിത്യൻ. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്നാല്‍ മാത്രമേ ഭക്ഷ്യവിഷ ബാധ സ്ഥിരീകരിക്കാൻ കഴിയൂ.