ലോക്‌സഭ തിരഞ്ഞെടുപ്പ് 2024ന്‍റെ ഭാഗമായി സാമ്പത്തിക ഇടപാടുകളും മറ്റ് ക്രയവിക്രയങ്ങളും വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും നിരീക്ഷിക്കുകയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. പാര്‍ട്ടികളും സ്ഥാനാര്‍ഥികളും മുതല്‍ പൊതുജനങ്ങള്‍ വരെ ഈ നിരീക്ഷവലയത്തില്‍പ്പെടും. ഫ്ലൈയിംഗ് സ്ക്വാഡ് അടക്കമുള്ള വിവിധ സ്ക്വാഡുകളെ വിന്യസിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ പരിശോധനകള്‍ രാജ്യമെമ്പാടും നടത്തുന്നത്. ലഹരിവസ്തുക്കളും പണവും അടക്കം അയ്യായിരം കോടിയോളം രൂപയുടെ മൂല്യമുള്ള വസ്തുക്കള്‍ ഇതിനകം ഈ പരിശോധനകള്‍ വഴി പിടിച്ചെടുത്തുകഴിഞ്ഞു. ഇതുവരെ 4,650 കോടി രൂപ മൂല്യമുള്ള വസ്തുക്കളാണ് വിവിധ പരിശോധനകളില്‍ പിടിച്ചെടുത്തത് എന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കിയത്. ഓരോ ദിവസവും ശരാശരി 100 കോടി രൂപയുടെ വസ്‌തുക്കളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടിയത്. ആകെ പിടിച്ചെടുത്തതില്‍ 2,069 കോടി രൂപയുടെ സാധനങ്ങള്‍ ലഹരി വസ്‌തുക്കളാണ് എന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണ്.
489.31 കോടി രൂപ വിലയുള്ള 35,829,924.75 ലിറ്റര്‍ മദ്യം ഇതിനകം പിടിച്ചെടുത്തു. പണമായി 395.39 കോടി രൂപയും പിടിച്ചെടുത്തവയിലുണ്ട്. രാജ്യത്തെ 75 വര്‍ഷത്തെ ലോക്‌സഭ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയുടെ വസ്‌തുക്കള്‍ പിടിച്ചെടുത്തത് ഇത്തവണയാണ്. പണം, മദ്യം, മറ്റ് സൗജന്യങ്ങള്‍ എന്നിവയുടെ വിതരണവുമായി ബന്ധപ്പെട്ട് 3262 പരാതികള്‍ ഇതിനകം ലഭിച്ചു എന്നും ഇലക്ഷന്‍ കമ്മീഷന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ടത്തിന് മുമ്പുള്ള കണക്കുകളാണിത്. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കണക്കുകള്‍ ഉയരും. 2019ലെ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞടുപ്പ് കാലത്ത് ഇലക്ഷന്‍ കമ്മീഷന്‍ പിടിച്ചെടുത്തത് പണം ഉള്‍പ്പടെ 3,475 കോടി രൂപയുടെ വസ്തുക്കളായിരുന്നു.