കണ്ണൂർ : തലശ്ശേരിയില്‍ ഒഴിഞ്ഞുകിടന്നൊരു വീടും അതിന്‍റെ ചുറ്റുമതിലും രാഷ്ട്രീയ തർക്കത്തെ തുടർന്ന് പൊലീസ് കാവലില്‍. മഞ്ഞോടിയിലെ പൂട്ടിയിട്ട വീടാണ് എല്‍ഡിഎഫ്, എൻഡിഎ മുന്നണികള്‍ തർക്കത്തിലാകാൻ കാരണം. വീട് എല്‍ഡിഎഫിന് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാക്കാൻ ഉടമ അനുവാദം നല്‍കി. ചുറ്റുമതിലാകട്ടെ ബിജെപിക്ക് ചുവരെഴുതാനും വാക്കാല്‍ അനുമതി നല്‍കി. ഇടതുമുന്നണി ഓഫീസ് തുറക്കും മുമ്ബ് വടകര സ്ഥാനാർഥി പ്രഫുല്‍ കൃഷ്ണന് വോട്ട് ചോദിച്ച് ബിജെപി ചുവരെഴുതി. തുടർന്നാണ് പ്രശ്നമുണ്ടായത്.
എല്‍ഡിഎഫ് പരാതി നല്‍കി. ഇരുവിഭാഗത്തെയും പൊലീസ് വിളിപ്പിച്ചു. തീരുമാനമായില്ല. വിഷയം സബ് കളക്ടറുടെ ഓഫീസിലെത്തി. വീട്ടുടമ വാക്കാല്‍ നല്‍കിയ ഉറപ്പാണ്. രേഖയില്ല. ഇതോടെ ആരും മതില്‍ ഉപയോഗിക്കേണ്ടെന്ന് തീരുമാനമായി. ബിജെപിയുടെ ചുവരെഴുത്ത് വെളളത്തുണി കൊണ്ട് മറച്ചു. എന്നാല്‍ വീടിന് മുന്നില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്‍റെ ഗേറ്റ് സ്ഥാപിച്ചു. ഇതോടെ ബിജെപി പ്രവർത്തകർ ചുവരെഴുത്ത് മറച്ച തുണി മാറ്റി. വീണ്ടും തർക്കമായി. ഇതോടെ പൊലീസ് ഇടപെടുകയും കാവല്‍ ഏർപ്പെടുത്തുകയും ചെയ്തു. വിഷയത്തില്‍ വീണ്ടും സബ് കളക്ടർ ഇടപെടുകയും വെള്ളച്ചായം പൂശുകയും ചെയ്താണ് തർക്കം അവസാനിപ്പിച്ചത്.