തൃശൂർ : ഗുരുവായൂർ ദേവസ്വത്തിലെ വിപ്ളവകാരി മുറിവാലൻ മുകുന്ദൻ ചരിഞ്ഞു. ചങ്ങലയിൽ നിന്ന് അഴിക്കാതെ നിന്ന അക്രമകാരിയായ കൊമ്പനായിരുന്നു മുറിവാലൻ മുകുന്ദൻ. 1986-ൽ ആണ് മുകുന്ദൻ എന്ന കുട്ടിയാനയെ ഗുരുവായൂരിൽ നടയ്ക്കിരുത്തുന്നത്. ലക്ഷണത്തികവുകൾക്കൊപ്പം ലക്ഷണക്കേടായി മുറിവാലും അന്നേ ശ്രദ്ധിയ്ക്കപ്പെട്ടു.അങ്ങിനെയാണ് അവനു മുറിവാലൻ മുകുന്ദൻ എന്ന പേരു വീഴുന്നതും. പുതിയ ആന കോട്ടയിൽ എത്തിയാൽ അവനെ കാണാനും വിലയിരുത്തുവാനും മറ്റുമായി പാപ്പാന്മാർ ചുറ്റുകൂടും. പതിവുപോലെ പുതുമുഖം മുകുന്ദന്റെയടുത്തും, പാപ്പാന്മാർ കൂടി. കുഞ്ഞിരാമൻ എന്ന പാപ്പാന്റെ അടുത്തായിരുന്നു അവന്റെ ആദ്യ പരാക്രമം. കുട്ടിയല്ലേ കുസ്യ തിയിത്തിരി കാണുമെന്ന് അവർ പറഞ്ഞു ചിരിച്ചു. എന്നാൽ വരാനിരിയ്ക്കുന്ന പലതിന്റേയും ഒരു മുന്നറിയിപ്പായിരുന്നു അതെന്ന് പോക പോക അവർ തിരിച്ചറിഞ്ഞു. മിന്നലിന്റെ വേഗത്തിലാണ് മുകുന്ദന്റെ ആക്രമണം.
ആനപന്തിയിലെ തഴക്കം ചെന്ന പാപ്പാന്മാർക്കുപോലും അതിൽ അടിതെറ്റും. കനം കുറഞ്ഞ സൂചിക്കൊമ്പ് പലതവണ പ്രതിയോഗിക്കുമേൽ പ്രയോഗിക്കുവാൻ അസാമാന്യ കഴിവാണിവന്. ക്യഷ്ണൻ എന്ന പാപ്പാൻ മരണത്തിന്റെ വായിൽ നിന്നും രക്ഷപ്പെട്ടത് ആയുസ്സിന്റെ ബലത്തിൽ ആണെങ്കിലും പിന്നീട് പങ്ങുവേന്ന പാപ്പാനെ അവൻ കാലപുരിക്കയച്ചു കൊലവിളിച്ചു, പുലകുളി നടത്തുവാൻ ശ്രമിച്ച അവനെ പാപ്പന്മാർ തടഞ്ഞു.
അടിച്ചൊതുക്കുവാനുള്ള ശ്രമത്തിനിടയിൽ അവന്റെ ഒരു കാലിനു കാര്യമായ പരിക്കുപറ്റി. കൂടാതെ ചങ്ങലയുരഞ്ഞുള്ള വ്യണങ്ങൾ വേറെ. ഇത്തരത്തിൽ അക്രമകാരി ആയ ആനയെ തളച്ചിരിക്കുകയായിരുന്നു.