ശബരിമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റര്‍ക്ക് പരിക്ക്; സന്നിധാനത്ത് ഇറങ്ങിയ കടുവ പശുവിനെ ആക്രമിച്ചു; എലിഫന്റ് സ്‌ക്വാഡും പാമ്പ് പിടിത്തക്കാരും ഉള്‍പ്പെടെ സജ്ജം; ഭക്തര്‍ക്ക് അതീവ സുരക്ഷയൊരുക്കി വനംവകുപ്പ് സംഘം

ശബരിമല: കാട്ടാനയുടെ ആക്രമണത്തില്‍നിന്ന് ഫോറസ്റ്റര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പമ്പ സെക്ഷന്‍ ഫോറസ്റ്റര്‍ കെ.ബി.മണിക്കുട്ടനാണ് (35) തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ചെറിയാനവട്ടം സുവിജ് പ്ലാന്റിനു സമീപം കാട്ടാന ഇറങ്ങിയതറിഞ്ഞ് അവയെ തുരത്താനായി എത്തിയതായിരുന്നു സംഘം. എന്നാല്‍ വിരട്ടിയോടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആന ഇവര്‍ക്കുനേരെ ഓടിയടുത്തു. തിരിഞ്ഞോടുന്നതിനിടയില്‍ കാല്‍തട്ടി കുഴിയിലേക്ക് വീണതോടെ ആന കുഴിക്ക് സമീപം നിലയുറപ്പിച്ചു. ഏറെ നേരത്തിന് ശേഷം കാട്ടിലേക്ക് മറഞ്ഞു. അതിനു ശേഷമാണ് മണിക്കുട്ടനെ രക്ഷപ്പെടുത്തി പമ്പ ഗവ ആശുപത്രിയില്‍ എത്തിച്ചത്. കാലിനു പൊട്ടലുണ്ട്. പ്ലാസ്റ്ററിട്ട ശേഷം വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴയ്ക്ക് കൊണ്ടുപോയി. മണ്ണാരക്കുളഞ്ഞി- പമ്പ, പ്ലാപ്പള്ളി, കമ്പകത്തുംവളവ്, ചെളിക്കുഴി, ചാലക്കയം എന്നിവിടങ്ങളില്‍ കാട്ടാന ഇറങ്ങുന്നത് പതിവായിട്ടുണ്ട്.

Advertisements

സുരക്ഷയൊരുക്കി പ്രത്യേക സംഘംവന്യമൃഗങ്ങളില്‍ നിന്നു തീര്‍ഥാടകര്‍ക്ക് സുരക്ഷഒരുക്കാന്‍ കനത്ത ജാഗ്രതയിലാണ് വനപാലകര്‍. മാസപൂജ സമയത്ത് സന്നിധാനത്ത് കടുവ ഇറങ്ങി പാണ്ടിത്താളം ബിഎസ്എന്‍എല്‍ ഓഫിസിന് സമീപത്ത് തീറ്റ തിന്ന പശുവിനെ പിടിച്ച സംഭവം ഉണ്ടായിരുന്നു. പുലര്‍ച്ചെ ദര്‍ശനത്തിനുള്ള ആദ്യ സംഘത്തെ പമ്പയില്‍ നിന്നും രണ്ട് മണിയോടെയാണ് സന്നിധാനത്തേക്ക് കടത്തിവിടും. ആദ്യം പുറപ്പെടുന്ന ഭക്തരോടൊപ്പം പമ്പയില്‍ നിന്നുള്ള വനം വകുപ്പ് സംഘം ചരല്‍മേട് വരെയും, തുടര്‍ന്ന് നടപ്പന്തല്‍ വരെ സന്നിധാനത്ത് നിന്നുള്ള സംഘവും അനുഗമിക്കും. നട അടച്ച ശേഷം രാത്രി 10.30ന് ഇതേ രീതിയില്‍ സംരക്ഷണം നല്‍കിയാണ് ഭക്തരെ പമ്പയില്‍ തിരിച്ച് എത്തിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പമ്പയിലും സന്നിധാനത്തുമായി 2 കണ്‍ട്രോള്‍ റൂം ഉണ്ട്. റേഞ്ച് ഓഫിസര്‍ക്കാണ് ചുമതല. കരിമല, നാലാംമൈല്‍, സന്നിധാനം എന്നിവിടങ്ങളില്‍ മൂന്ന് ഔട്ട് പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഒരു സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍, 2 ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍, പ്രൊട്ടക്ഷന്‍ വാച്ചര്‍മാര്‍ എന്നിവര്‍ സ്ഥിരം ഡ്യൂട്ടിക്കാരാണ്.മണ്ഡലകാലത്തെ തിരക്കിന് അനുബന്ധിച്ച് ആവശ്യാനുസരണം ഈ ഓഫിസുകളില്‍ അധികസേനയെ വിന്യസിച്ചിട്ടുണ്ട്. സന്നിധാനത്തെ കണ്‍ട്രോള്‍ റൂമില്‍ സ്ഥിരം ജീവനക്കാര്‍ക്ക് പുറമേ 15 ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരും വാച്ചര്‍മാരും മണ്ഡലകാലത്ത് സ്പെഷല്‍ ഡ്യൂട്ടിയിലുണ്ട്.

പെരിയാര്‍ കടുവ സങ്കേതത്തിനു കീഴില്‍ വരുന്ന കോട്ടയം, ഇടുക്കി, പത്തനംതിട്ട റേഞ്ചുകളില്‍ നിന്നുള്ളവരെ 15 ദിവസം വീതം ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് നിയോഗിച്ചത്.പരിശീലനം നേടിയ എലിഫന്റ് സ്‌ക്വാഡ്, പാമ്പ് പിടിക്കുന്ന ജീവനക്കാരന്‍ എന്നിവരും സംഘത്തിലുണ്ട്. ഇതോടൊപ്പം തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളും ഉപകരണങ്ങളും സന്നിധാനം കണ്‍ട്രോള്‍ റൂമില്‍ സജ്ജമാക്കിയിട്ടുണ്ട്. മരക്കൂട്ടം, ഉരക്കുഴി, പാണ്ടിത്താവളം, സന്നിധാനത്തേക്ക് ശുദ്ധജലമെത്തിക്കുന്ന കുന്നാര്‍ ഡാം തുടങ്ങിയ ഭാഗങ്ങളിലെല്ലാം സദാസമയവും നിരീക്ഷണമുണ്ട്. ഇതിന് പുറമേ സന്നിധാനത്ത് നിരീക്ഷണ ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. പാമ്പ് പിടിക്കുന്നതില്‍ പ്രത്യേക പരിശീലനം നേടിയ ഒരു ജീവനക്കാരനെ നിയോഗിച്ചിട്ടുണ്ട്.

Hot Topics

Related Articles