കോഴിക്കോട്: ജില്ലയിൽ പതിനൊന്ന് നിപ സാമ്പിളുകൾ കൂടി നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പോസിറ്റീവായ വ്യക്തിയുമായി അടുത്ത സമ്പർക്കം പുലർത്തിയവരാണിവർ. ഇതോടെ ഹൈറിസ്‌ക് വിഭാഗത്തിൽ 94 പേരുടെ ഫലം നെഗറ്റീയവായി. ആകെ 6 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. പോസിറ്റീവായ രണ്ട് പേർക്ക് രോഗ ലക്ഷണം ഇല്ല. 21 പേർ നിരീക്ഷണത്തിലാണ്. ഐഎംസിഎച്ചിൽ 2 കുഞ്ഞുങ്ങൾ ചികിത്സയിലുണ്ട്.
അതേസമയം, കോഴിക്കോട് ജില്ലയിലെ എല്ലാ ഭാഗത്ത് നിന്നും സാമ്പിൾ ശേഖരിക്കുകയാണ്. പ്രോട്ടോകോൾ കൃത്യമായി പാലിക്കും. മോണോ ക്ലോണൽ ആന്റിബോഡി എത്തിച്ചിട്ടുണ്ട്. ഇത് നൽകണമോ എന്ന കാര്യത്തിൽ തീരുമാനമായില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആദ്യം മരിച്ചയാളുടെ കുട്ടി വെന്റിലേറ്ററിലാണ്. കുട്ടിയുടെ നിലയിൽ പുരോഗതിയുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അവസാനം പോസിറ്റീവായ ആളുടെ കോണ്ടാക്റ്റ് ലിസ്റ്റ് തയാറാക്കൽ നടക്കുകയാണ്. രോഗിയുമായി സമ്പർക്കം പുലർത്തിയ 27 പേർ സ്വന്തം നിലയിൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടു. ആർക്കും രോഗ ലക്ഷണമില്ല. രോഗികൾ ചികിത്സയിലുള്ള ആശുപത്രികളിൽ മെഡിക്കൽ ബോഡുകൾ നിലവിൽവന്നു. രോഗികളുടെ നില സ്റ്റേബിളാണ് എന്നാണ് അവരുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
30-ാം തീയതി രോഗം ബാധിച്ചു മരിച്ച വ്യക്തിയുടെ സോഴ്സ് ഐഡന്റിഫിക്കേഷൻ നടക്കുകയാണ്. ആ വ്യക്തിയുടെ മൊബൈൽ ടവർ ലൊക്കേഷൻ ലഭ്യമാക്കണമെന്ന് പൊലീസിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അതിലൂടെ വ്യക്തി സഞ്ചരിച്ച ഇടം കണ്ടെത്താനാകും. കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. രണ്ടാംഘട്ട വ്യാപനം ഇതുവരെ ഇല്ല. സാമ്പിൾ കളക്ഷനായി കൂടുതൽ ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.