ഏറ്റുമാനൂർ അർബൻ ബാങ്കിന്റെ അക്കൗണ്ടുകളിൽ തിരിമറി നടത്തി 3.35 ലക്ഷം രൂപ കവർന്നു; ബാങ്ക് മാനേജർക്കും കാഷ്യർക്കും രണ്ട് വർഷം കഠിന തടവും 60000 രൂപ പിഴയും

കോട്ടയം: ഏറ്റുമാനൂർ അർബൻ ബാങ്കിന്റെ അക്കൗണ്ടുകളിൽ തിരിമറി നടത്തി 3.35 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ബാങ്ക് മാനേജർക്കും കാഷ്യർക്കും രണ്ട് വർഷം കഠിന തടവ്. ഏറ്റുമാനൂർ അർബൻ ബാങ്കിലെ മാനേജരായിരുന്ന സരളകുമാരിയെയും, കാഷ്യറായിരുന്ന മൻമഥനെയുമാണ് പണം തട്ടിയെടുത്തതിന് രണ്ടു വർഷം കഠിന തടവിനും 60000 രൂപയ്ക്കും പിഴ ശിക്ഷിച്ചത്. കോട്ടയം വിജിലൻസ് കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. 1996 മുതൽ 2003 വരെയുള്ള കാലയളവിലായിരുന്നു ഇരുവരും ബാങ്കിൽ ജോലി ചെയ്തിരുന്നത്. ബാങ്കിന്റെ ദിവസം തോറുമുള്ള പിരിവിലും, ലോണുകളിലും ഒൻപത് ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലും ക്രമക്കേട് നടത്തിയാണ് പണം തട്ടിയെടുത്തത്. തുടർന്നു, കോട്ടയം വിജിലൻസ് മുൻ ഡിവൈഎസ്പി ജോണി മാത്യു അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തുകയായിരുന്നു. തുടർന്ന്, മുൻ ഡിവൈഎസ്പി പി.കൃഷ്ണകുമാറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ രാജ്‌മോഹൻ ആർ കോടതിയിൽ ഹാജരായി. അഴിമതി സംബന്ധിച്ചുള്ള വിവരങ്ങൾ 1064 എന്ന നമ്പരിൽ വിളിച്ചറിയിക്കാം.

Hot Topics

Related Articles