ആര്യനാട്: പുതുവത്സരംത്തോട് അനുബന്ധിച്ച് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ ആര്യനാട്- ഹൗസിങ് ബോർഡ്, കോട്ടയ്ക്കകം എന്നിവിടങ്ങളിലും കരമനയാറ്റിന്റെ തീരങ്ങളിലും നടത്തിയ പരിശോധനയിൽ ഹൗസിങ് ബോർഡ് ഭാഗത്ത് കരമനയാറിൽ പ്ലാസ്റ്റിക് ബാരലുകളിലും കന്നാസ്സിലുമായി കയത്തിൽ കെട്ടി താഴ്ത്തിയ നിലയിൽ ചാരായം വാറ്റുവാനായി സൂക്ഷിച്ചിരുന്ന 135 ലിറ്റർ കോട കണ്ടെത്തി. ഉദ്യോഗസ്ഥർ സാഹസികമായി കയത്തിലിറങ്ങി വളരെ പരിശ്രമിച്ചാണ് കോട ബാരലുകൾ കരക്കെത്തിച്ചത്.
കഴിഞ്ഞ ദിവസം കരമനയാറിൻ്റെ കിഴക്കരുകിലുള്ള ഈറക്കാട്ടിൽ വാറ്റുകേന്ദ്രം സ്ഥാപിച്ച് വൻതോതിൽ പ്ലാസ്റ്റിക് കുടങ്ങളിലും വാറ്റുകാർക്കിടയിൽ പെരുമ്പാമ്പ് എന്നറിയപ്പെടുന്ന വലിയ പ്ലാസ്റ്റിക് കവറുകളിലുമായി പ്രദേശത്ത് കുഴിച്ചിട്ടാണ് ഫലങ്ങളും, കരിപ്പെട്ടിയും ഉൾപ്പെടെ ചേർത്ത 520 ലിറ്റർ കോടയും, വില്പന നടത്തുവാനായി സൂക്ഷിച്ച 2 ലിറ്റർ ചാരായവും 10000 രൂപയുടെ വാറ്റ് ഉപകരണങ്ങളും സംഘം കണ്ടെടുത്തു നശിപ്പിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രദേശങ്ങളിൽ കൂടുതൽ പരിശോധന തുടരുമെന്നും പ്രതികളെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുന്നതായും എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു. എക്‌സൈസ് ഇൻസ്‌പെക്ടർ എ.നവാസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റ്റീവ് ഓഫീസർമാരായ അനിൽകുമാർ, നാസറുദീൻ സിവിൽ എക്‌സൈസ് ഓഫീസർമാരായ നജിമുദീൻ, ശ്രീകേഷ് , ഷജീർ ഡ്രൈവർ മുനീർ എന്നിവർ ഉണ്ടായിരുന്നു.