തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറ്റ് മുക്ക് കാർത്തിക വീട്ടിൽ രമേശൻ (48), ഭാര്യ സുലജ കുമാരി (46), മകൾ രേഷ്മ (23) എന്നിവരെയാണ് പൊളളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രമേശൻ ഇന്നലെയാണ് ഗൾഫിൽ നിന്ന് മടങ്ങിയെത്തിയത്.
കിടപ്പുമുറിയിലാണ് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്. രാത്രി പന്ത്രണ്ട് മണിയോടെ ജനൽ ചില്ലുകളും മറ്റും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട അയൽവാസികൾ നോക്കിയപ്പോഴാണ് കിടപ്പ് മുറിക്കുള്ളിൽ നിന്നും തീ ആളിക്കത്തുന്നത് കണ്ടത്. വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. മുൻവാതിൽ തകർത്ത് സമീപവാസികൾ അകത്തെത്തിയെങ്കിലും കിടപ്പുമുറിയുടെ വാതിൽ തുറക്കാതിരിക്കാൻ അലമാരയും മറ്റും ചേർത്തു വച്ചിരിക്കുകയായിരുന്നു. പുറത്തെ ജനലിലൂടെ അകത്തേക്ക് വെള്ളമൊഴിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രമേശന്റെ മൃതദേഹം തറയിൽ കിടക്കുന്ന നിലയിലായിരുന്നു. സുലജയുടെയും രേഷ്മയുടെയും മൃതദേഹങ്ങൾ കട്ടിലിലാണ് കിടന്നിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവർക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പൊലീസ് പറയുന്നു. രമേശൻ ഇന്നലെ ഉച്ചയോടെ വിദേശത്ത് നിന്നും എത്തിയതേയുള്ളൂ. സാമ്പത്തിക ബാധ്യത തീർക്കാൻ വീടും വസ്തുവും വിൽക്കാൻ ശ്രമിച്ചെങ്കിലും കേസിൽപ്പെട്ടതിനാൽ വിൽക്കാൻ കഴിഞ്ഞില്ല. ലോൺ എടുക്കാനായിട്ടാണ് രമേശൻ വിദേശത്ത് നിന്നെത്തിയത്. മകൻ തമിഴ്നാട്ടിൽ ചെണ്ടമേളത്തിന് പോയിരിക്കുകയായിരുന്നു. കഠിനംകുളം പൊലീസ് നടപടികൾ സ്വീകരിക്കുകയാണ്