ന്യൂഡൽഹി : രാജ്യതലസ്ഥാനം വളഞ്ഞുള്ള സമരം പ്രഖ്യാപിച്ച കർഷക സംഘടനകളുമായി കേന്ദ്രസർക്കാർ വീണ്ടും ചർച്ച നടത്തും. മുമ്പ് രണ്ടുതവണ നടത്തിയ ചർച്ചകളും അലസിപ്പിരിഞ്ഞതിന് പിന്നാലെ കേന്ദ്രം കർഷക നേതാക്കളെ ചൊവ്വാഴ്ച വീണ്ടും അനുനയ നീക്കവുമായി സമീപിച്ചു. ചൊവ്വാഴ്ച തന്നെ മൂന്നാംവട്ട ചർച്ചകള്‍ ഉണ്ടായേക്കുമെന്നും എന്നാല്‍ സമയം നിശ്ചയിച്ചിട്ടില്ലെന്നും സമരത്തിലുള്ള സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗത്തിന്റെ നേതാക്കള്‍ പറഞ്ഞു. മൂന്നാമത്തെ ചർച്ചയും ചണ്ഡീഗഢിലാകുമെന്നാണ് വിവരം. അതിനിടെ, പ്രഖ്യാപിച്ചതുപോലെ പഞ്ചാബില്‍ നിന്ന് ട്രാകറുകളുമായി കർഷകർ ഡല്‍ഹി ലക്ഷ്യമാക്കി മാർച്ച് ആരംഭിച്ചു. ഹരിയാണ അതിർത്തികളില്‍ ഇവരെ പോലീസ് തടഞ്ഞു. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാൻ ഹരിയാന-പഞ്ചാബ് അതിർത്തിയായ ശംഭുവില്‍ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കനത്ത സുരക്ഷയാണിവിടെ ഏർപ്പെടുത്തിയിരിക്കുന്നത്.
ഡല്‍ഹിയുടെ സമീപ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഹരിയാണ എന്നിവിടങ്ങളിലാകെ കനത്ത നിയന്ത്രണങ്ങളും ജാഗ്രതയുമാണ്. ഡല്‍ഹിയില്‍ അതിർത്തികള്‍ അടച്ച് നിയന്ത്രണങ്ങള്‍ക്ക് കടുപ്പിച്ചു. തിങ്കളാഴ്ച തന്നെ ഡല്‍ഹി അതിർത്തികളില്‍ ബഹുതലത്തില്‍ ബാരിക്കേഡുകള്‍ നിരത്തി വാഹനഗതാഗതം നിയന്ത്രിച്ചിരുന്നു. ഡല്‍ഹി നഗര മധ്യത്തിലും വാഹന പരിശോധനകള്‍ കർക്കശമാക്കി. മെട്രോ സ്റ്റേഷനുകളിലും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗത്തിന്റെയും കിസാൻ മസ്ദൂർ മോർച്ചയുടെയും നേതൃത്വത്തില്‍ ഇരുന്നൂറിലേറെ കർഷക സംഘടനകളാണ് സമരം പ്രഖ്യാപിച്ച് രംഗത്തുവന്നത്. കർഷക സമരത്തിന്റെ കാലത്തെടുത്ത കേസുകള്‍ പിൻവലിക്കണം, സമരത്തിനിടെ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്നതടക്കം ആവശ്യങ്ങളുയർത്തിയാണ് സമരം.