തിരുവനന്തപുരം : സംസ്ഥാനത്ത് പനി പടര്‍ന്നുപിടിക്കുന്നു. ചൊവ്വാഴ്ച മാത്രം പതിനായിരത്തലധികം പേര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ബാധിച്ച് ചികിത്സ തേടിയതായി റിപ്പോർട്ട്. കാലവര്‍ഷം ശക്തമാകുന്നതിന് മുൻപ് തന്നെ സംസ്ഥാനത്തെ പനി പടരുകയാണ്. ഒരുലക്ഷത്തോളം പേരാണ് സാധാരണ പനി കാരണം 13 ദിവസത്തിനുള്ളില്‍ ചികിത്സ തേടിയത്.
കഴിഞ്ഞ രണ്ട് ദിവസമായി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കെത്തിയത് ഇരുപതിനായിരം രോഗികളാണ്. ഡെങ്കിപ്പനിയാണ് കൂടുതല്‍ പടരുന്നത്. ഇന്നലെ മാത്രം 63 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. 148 പേരാണ് രോഗലക്ഷണങ്ങളോടെ ആശുപത്രികളിലെത്തിയത്. ഈ മാസം 1783 പേര്‍ ഡെങ്കി ലക്ഷണങ്ങളുമായി എത്തി. ഇതില്‍ 586 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എറണാകുളത്താണ് കൂടുതല്‍ പേര്‍ക്ക് ഡെങ്കി സ്ഥിരീകരിക്കുന്നത്. എലിപ്പനിയും കൂടുന്നുണ്ട് . ഇന്നലെ രണ്ട് പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ നാല് പേര്‍ ലക്ഷണങ്ങളുമായി ചികില്‍സ തേടി. സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പനിക്ലിനിക്ക് ആരംഭിച്ചിട്ടുണ്ട്. സ്വയം ചികിത്സ അരുതെന്നും കൊതുകിന്റെ ഉറവിട നശീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
വീടിന്റെ അകത്തെ ചെടിച്ചട്ടികളും മണിപ്ലാന്റും നിര്‍ബന്ധമായും കൊതുകുമുക്തമാക്കണം. എലിപ്പനി വരാതിരിക്കാന്‍ മണ്ണിലും വെള്ളത്തിലും ജോലി ചെയ്യുന്നവര്‍ ഗ്ലൌസും കാലുറയും ധരിക്കണം. തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പടെ എല്ലാവരും എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണമെന്നും നിര്‍ദേശമുണ്ട്.