ലഖ്‌നൗ : ഏകദിന ലോകകപ്പിലെ വമ്പന്‍ ശക്തികളായ ഓസീസിന് ഇത്തവണ തൊട്ടതെല്ലാം പിഴക്കുകയാണ്. ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയോടും നാണംകെട്ട പ്രകടനമാണ് ഓസീസ് കാഴ്ചവെച്ചത്
ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും കംഗാരുക്കല്‍ ദുരന്തമായി മാറിയെന്നതാണ് വസ്തുത. ഓസീസിന്റെ തകര്‍ച്ചയില്‍ ആരാധകര്‍ നിരാശയിലാണ്. ഇപ്പോഴിതാ ടീമിന്റെ മോശം പ്രകടനങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനം ഉയരുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടോസ് നേടിയ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ആദ്യം പന്തെറിയാന്‍ തീരുമാനിച്ചതിനെ മണ്ടന്‍ തീരുമാനമാണെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. ഇന്ത്യക്കെതിരേ ഓസീസിന്റെ ബൗളര്‍മാര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോള്‍ ബാറ്റിങ് നിരയാണ് ദുരന്തമായി മാറിയത്. നിലവിലെ ഫോം വിലയിരുത്തുമ്ബോള്‍ ഓസീസിന്റെ ബാറ്റിങ്ങാണ് മോശം. ഈ സാഹചര്യത്തില്‍ റണ്‍സ് പിന്തുടരാമെന്ന ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ കണക്കുകൂട്ടല്‍ മണ്ടത്തരമായെന്നാണ് ആരാധക പക്ഷം. ഓസ്‌ട്രേലിയക്ക് തിരിച്ചുവരാന്‍ കമ്മിന്‍സിനെ നായകസ്ഥാനത്ത് നിന്ന് മാറ്റി പകരം സ്റ്റീവ് സ്മിത്തിനെ ക്യാപ്റ്റനാക്കണമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
സ്മിത്തിനെപ്പോലെയും ഡേവിഡ് വാര്‍ണറെപ്പോലെയും മികവ് തെളിയിച്ച നായകന്മാര്‍ ഒപ്പമുണ്ടായിട്ടും കമ്മിന്‍സിനെ നായകനാക്കിയത് തെറ്റായ തീരുമാനമാണെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു. കമ്മിന്‍സ് ബൗളിങ്ങിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത് . റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാത്ത കമ്മിന്‍സ് ഓസീസ് ടീമിന് ബാധ്യതയാണെന്നും പ്ലേയിങ് 11ന് പുറത്തിരുത്തണമെന്നുമാണ് ആരാധക പക്ഷം. രണ്ടാമത്തെ പ്രശ്‌നം ഓസീസിന്റെ മോശം ഫീല്‍ഡിങ്ങാണ്. ഒരു കാലത്ത് തകര്‍പ്പന്‍ ക്യാച്ചുകളുമായി കസറിയിരുന്ന ഓസീസ് ടീം ഇന്ന് ഫീല്‍ഡിങ്ങില്‍ നാണംകെടുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഏഴ് ഫീല്‍ഡിങ് പിഴവുകള്‍ വരുത്തിയ ഓസീസ് നാല് ക്യാച്ചുകളാണ് കൈവിട്ടത്.
ഈ ക്യാച്ചുകളെല്ലാം എടുത്തിരുന്നെങ്കില്‍ 275നുള്ളില്‍ ദക്ഷിണാഫ്രിക്കയെ ഒതുക്കാന്‍ സാധിക്കുമായിരുന്നു. കരുത്തരായ ദക്ഷിണാഫ്രിക്ക മികച്ച ബാറ്റിങ് കരുത്തുള്ള ടീമാണ്. അതുകൊണ്ടുതന്നെ ലഭിക്കുന്ന ക്യാച്ചുകളെല്ലാം മുതലാക്കണമായിരുന്നു. ഇതിന് ഓസീസിന് സാധിക്കാതെ പോയതും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തകര്‍ന്നടിയാനുള്ള പ്രധാന കാരണമായി. ഒന്നാം വിക്കറ്റില്‍ 108 റണ്‍സിന്റെ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്ക പടുത്തുയര്‍ത്തിയത്. ഇതില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബാവുമയെ രണ്ട് തവണയാണ് ഓസീസ് കൈവിട്ടത്. സ്പിന്നര്‍ ആദം സാംബ ബാവുമയെ കൈവിട്ടപ്പോള്‍ സീന്‍ അബോട്ട് ബൗണ്ടറി ലൈനില്‍ നിന്ന് തകര്‍പ്പന്‍ ഫീല്‍ഡിങ്ങിലൂടെ തട്ടിയിട്ട് നല്‍കിയ പന്തിന്റെ ദിശ മനസിലാക്കാതെ മിച്ചല്‍ സ്റ്റാര്‍ക്കും സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തി. രണ്ട് ലൈഫാണ് ദക്ഷിണാഫ്രിക്കന്‍ നായകന് ലഭിച്ചത്.
ഡെത്തോവറില്‍ ദക്ഷിണാഫ്രിക്കയെ കൈയയച്ച് സഹായിക്കുന്ന ഫീല്‍ഡിങ് പ്രകടനമാണ് ഓസീസ് കാഴ്ചവെച്ചത്.
56 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രത്തെ 1 റണ്‍സില്‍ പുറത്താക്കാനുള്ള അവസരം ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് പാഴാക്കി. കമ്മിന്‍സിന്റെ പന്തില്‍ മാര്‍ക്രം റിട്ടേണ്‍ ക്യാച്ച് നല്‍കിയപ്പോള്‍ പന്ത് കൈയിലാക്കാന്‍ കമ്മിന്‍സിന് സാധിക്കാതെ പോയി. ഇത് മത്സരത്തില്‍ വഴിത്തിരിവായി. ഡേവിഡ് മില്ലറുടെ ക്യാച്ച് മിച്ചല്‍ സ്റ്റാര്‍ക്ക് പാഴാക്കിയപ്പോള്‍ മാര്‍ക്കോ യാന്‍സനെ മാര്‍ക്കസ് സ്‌റ്റോയിണിസും വിട്ടുകളഞ്ഞു. ഇതെല്ലാം ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങള്‍ അനുകൂലമാക്കി.
ഫീല്‍ഡിങ്ങില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്കയെ 300 കടക്കുന്നതിന് മുമ്ബ് പൂട്ടാന്‍ ഓസീസിന് സാധിക്കുമായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഓസീസിനത് സാധിക്കാതെ പോയി. മികച്ച ഫീല്‍ഡര്‍മാരാണ് ഓസീസിനൊപ്പമുള്ളതെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ദയനീയ ഫീല്‍ഡിങ് പ്രകടനമാണ് ഓസീസ് കാഴ്ചവെച്ചതെന്ന് പറയാതിരിക്കാനാവില്ല.
ഓസീസിന്റെ മോശം ബാറ്റിങ് പ്രകടനവും ടീമിനെ പിന്നോട്ടടിക്കുന്നു. ഓപ്പണിങ്ങില്‍ മിച്ചല്‍ മാര്‍ഷ് മോശം ഫോമില്‍ തുടരുന്നതാണ് ഓസീസിന്റെ പ്രധാന പ്രശ്‌നം. മാര്‍ഷിന് മികച്ച തുടക്കം നല്‍കാനാവാത്തത് ഓസീസിനെ പ്രതിരോധത്തിലാക്കുന്നു. ഡേവിഡ് വാര്‍ണറേയും ഇത് സമ്മര്‍ദ്ദത്തിലാക്കുന്നു. .
ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്‌റ്റോയിണിസ് എന്നിവര്‍ക്ക് മധ്യനിരയില്‍ ശോഭിക്കാനാവാത്തത് ഓസീസിനെ തളര്‍ത്തുന്നു. മാര്‍ഷിനെ പുറത്തിരുത്തി ഓസീസ് കാമറൂണ്‍ ഗ്രീനിനെ ഓപ്പണറാക്കണമെന്നും ആരാധകര്‍ പറയുന്നു.
ആത്മവിശ്വാസത്തോടെ കളിക്കാന്‍ കംഗാരുക്കള്‍ക്ക് സാധിക്കുന്നില്ല. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തിയതോടെ ഓസീസിന്റെ സെമി ഫൈനല്‍ സാധ്യതകളേയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. നെറ്റ് റണ്‍റേറ്റ് മോശമുള്ള ഓസീസിന് വരുന്ന മത്സരങ്ങളില്‍ വലിയ ജയം നേടാനാവാത്ത പക്ഷം നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താനാവില്ല. ഇതെല്ലാം ഓസീസിന്റെ സമ്മര്‍ദ്ദം ഉയര്‍ത്തുന്ന കാര്യമാണ്.