പന്നിവിഴ : മൂന്ന് പതിറ്റാണ്ടിന് ശേഷം അടൂര്‍ അഗ്‌നിരക്ഷാ സേനയ്ക്കായി പുതിയ കെട്ടിടം ഒരുങ്ങുന്നു. പന്നിവിഴ കനാല്‍ അരികില്‍ ഒരു ഏക്കര്‍ 99 സെന്റ് സ്ഥലം ആണ് പദ്ധതിക്കായി ഏറ്റെടുത്തിരുന്നത്. ആഭ്യന്തര വകുപ്പില്‍നിന്നും ഫയര്‍ ആന്‍ഡ് റെസ്‌ക്യു വിഭാഗത്തിന്റെ നവീകരണത്തിനായി വകയിരുത്തിയ ഫണ്ടില്‍നിന്നുമാണ് തുക ലഭ്യമായത്. വര്‍ഷങ്ങളായി സംസ്ഥാന ബജറ്റില്‍ ഇടം പിടിക്കുന്ന ഒന്നായ അടൂര്‍ അഗ്‌നിരക്ഷാ നിലയം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ ശ്രമഫലമായി പരിഹാരമായത്. വാഹന പാര്‍ക്കിങ്ങിനായുള്ള സെല്ലാര്‍, ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കായി വിശാലമായ ഗ്രൗണ്ട് ഫ്‌ലോര്‍, ഒന്നാംനില അടക്കം 1226 ചതുരശ്ര മീറ്റര്‍ കെട്ടിടമാണ് വിഭാവനം ചെയ്തിട്ടുള്ളത്.
ഇതിന്റെ ആദ്യഘട്ടമായി കഴിഞ്ഞദിവസം മണ്ണിന്റെ ഉറപ്പ് പരിശോധന നടത്തി. ജില്ലയിലെ പല സേനാ കേന്ദ്രങ്ങളിലും ആധുനിക സംവിധാനമുള്ള ഉപകരണങ്ങളും വാഹനങ്ങളുമുണ്ട്.എന്നാല്‍ അടൂര്‍ ഓഫീസിന് വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാല്‍ ഇത്തരം സംവിധാനങ്ങള്‍ ലഭിച്ചിട്ടില്ല. ഇപ്പോഴും ഒരു ഫയര്‍ എന്‍ജിന്‍ മഴയും വെയിലുമേറ്റ് റോഡരികിലാണ് പാര്‍ക്കുചെയ്യുന്നത്.