അങ്കമാലി: താക്കോൽ ഒടിഞ്ഞതിനെ തുടർന്ന് മുറിക്കുള്ളിൽ കുടുങ്ങിയ വീട്ടമ്മയെയും മൂന്ന് മക്കളെയും ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. കിടങ്ങൂർ പവിഴപ്പൊങ്ങിൽ കോട്ടക്കൽ വീട്ടിൽ മാർട്ടിന്റെ ഭാര്യയും മൂന്ന് കുഞ്ഞുങ്ങളുമാണ് കിടപ്പുമുറിയിൽ കുടുങ്ങിയത്. മാർട്ടിൻ വിദേശത്തായതിനാൽ സുരക്ഷയുടെ ഭാഗമായി വീട് പൂട്ടുന്നതിനൊപ്പം കിടപ്പു മുറിയും താക്കോൽ ഉപയോഗിച്ച് പൂട്ടുന്നത് പതിവായിരുന്നു. ഫയർഫോഴ്‌സിനെ വിവരമറിയിച്ചതിനെ തുടർന്ന് അങ്കമാലി അഗ്‌നിരക്ഷാ സേന എത്തുകയും ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ജനൽ കമ്ബികൾ വളച്ച് വീട്ടിനകത്ത് കയറി. ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് വാതിലിന്റെ ലോക്ക് തകർത്ത് നാലു പേരെയും സുരക്ഷിതമായി പുറത്തിറക്കുകയായിരുന്നു.
അങ്കമാലി ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എൻ. ജിജിയുടെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. വി പൗലോസ്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഡ്രൈവർ മനു പി, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ മാരായ ഷൈൻ ജോസ്, വിപിൻ പി. ഡാനിയേൽ, രഞ്ജിത് കുമാർ, വി.ആർ. രാഹുൽ എന്നിവർ ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്