‘ ഇത്രയും നല്ലൊരാളെ ഞാന്‍ സംശയിച്ചല്ലോ? എനിക്ക് എന്തോ കുഴപ്പമുണ്ട്’ തെളിവ് സഹിതം കള്ളവും തെറ്റും ചൂണ്ടിക്കാണിച്ചാലും എല്ലാം തോന്നലാണെന്ന് സമര്‍ത്ഥിക്കുന്നവര്‍; പങ്കാളിയെയും സഹപ്രവര്‍ത്തകരെയും നിസ്സാരമായി മനോരോഗിയാക്കി ചാപ്പകുത്തുന്നവര്‍; പ്രതിരോധിച്ച് മടുക്കുമ്പോള്‍ സ്വയം സംശയിച്ച് സമാധാനം കളയുന്നവര്‍ അറിയണം, സംഭവം ‘ഗ്യാസ് ലൈറ്റിംഗ്’ ആണ്

തിരുവനന്തപുരം: സ്വന്തം ലാഭത്തിന് വേണ്ടി കാര്യങ്ങള്‍ വളച്ചൊടിക്കുന്ന പ്രവണത തൊഴിലിടങ്ങളിലും ഭാര്യ-ഭര്‍തൃ ബന്ധത്തിലും കൂടിവരുന്ന കാലഘട്ടമാണ്. ഒരു വ്യക്തിയുടെ യാഥാര്‍ഥ്യ ബോധത്തെയും ചിന്താശേഷിയെയും ചോദ്യം ചെയ്യുന്ന പല തരത്തിലുള്ള ടെക്‌നിക്കുകള്‍ ഉപയോഗിച്ച് അതിലൂടെ അയാളുടെ യാഥാര്‍ത്ഥ്യത്തെ, ചിന്താശേഷിയെ സംശയത്തിലാക്കുകയും, അതുവഴി അയാളുടെ മേല്‍ പൂര്‍ണ്ണ ആധിപത്യം നേടുകയും ചെയ്യുന്ന ഈ പ്രവണതയെ ഗ്യാസ് ലൈറ്റിംഗ് എന്ന് വിളിക്കാം. ഉദാഹരണത്തിന് ഭര്‍ത്താവിന്റെ അവിഹിതം കണ്ടുപിടിക്കുന്ന ഭാര്യ അത് ചോദ്യം ചെയ്യുമ്പോള്‍, ഗ്യാസ് ലൈറ്റിംഗ് ചെയ്യുന്ന ഭര്‍ത്താവ് എല്ലാം നിന്റെ തോന്നലാണ്, നീ ചിന്തിച്ച് കൂട്ടുന്നതാണ് എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറും. ചാറ്റ് ഉള്‍പ്പെടെയുള്ള തെളിവുകള്‍ കാണിച്ചുകൊടുത്താല്‍ കഥ മാറ്റും. തന്നെ ആരോ ചതിക്കാന്‍ ശ്രമിക്കുന്നതാണ്, നീ കൂടി എന്നെ കുറ്റപ്പെടുത്തരുത്, നിന്നെ മാത്രമേ ഞാന്‍ സ്‌നേഹിക്കുന്നുള്ളൂ എന്ന് വൈകാരികമായി പറഞ്ഞ് തെറ്റായ ധാരണകള്‍ ഇട്ടു കൊടുക്കും. തെളിവുകളെ സമര്‍ത്ഥമായി വളച്ചൊടിക്കുകയോ തള്ളിക്കളയുകയോ ചെയ്യുമ്പോള്‍ ഭാര്യയുടെ ചിന്ത മാറും, ഇത്രയും നല്ലൊരാളെ ഞാന്‍ സംശയിച്ചല്ലോ, എനിക്ക് എന്തോ കുഴപ്പമുണ്ട് എന്നിങ്ങനെ ചിന്തിക്കുന്ന അവര്‍ സ്വയം സംശയിക്കാനും തന്റെ പെരുമാറ്റവും ചിന്തകളും തെറ്റാണെന്നും സ്വയം വിശ്വസിച്ച് വലിയ മാനസിക സംഘര്‍ഷത്തില്‍ അകപ്പെടുകയും ചെയ്യും.

Advertisements

1944-ല്‍ ഇറങ്ങിയ ഒരു അമേരിക്കന്‍ ചലച്ചിത്രമാണ് ഗ്യാസ് ലൈറ്റ്. തന്റെ ഭാര്യയ്ക്ക് മാനസിക രോഗം ഉണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ നായകന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്. ഭര്‍ത്താവ് തന്റെ വീട്ടിലെ ഗ്യാസ് ലൈറ്റിന്റെ പ്രകാശം ഓരോ ദിവസവും ചെറിയ രീതിയില്‍ കുറയ്ക്കുന്നു. പ്രകാശം കുറഞ്ഞുവരുന്നു എന്ന് ഭാര്യ സ്വാഭാവികമായി പരാതിപ്പെടുന്നു. എന്നാല്‍ അത് അവളുടെ തോന്നല്‍ മാത്രമാണ് എന്നും ഭര്‍ത്താവ് പറയുന്നു. ഭാര്യക്ക് മനോരോഗമാണ് എന്ന് ചിത്രീകരിക്കാനുള്ള സമര്‍ത്ഥമായ ശ്രമം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആടിനെ പട്ടിയാക്കുന്ന ഈ മനശാസ്ത്ര നാടകത്തിനെ ഗ്യാസ് ലൈറ്റിംഗ് എന്ന് വിളിക്കാം. മാതാ പിതാക്കളും കുട്ടികളും തമ്മില്‍, ദാമ്പത്യ ജീവിതത്തില്‍, ജോലി സ്ഥലത്ത് തുടങ്ങി ഒട്ടുമിക്ക സ്ഥലങ്ങളിലും ഗ്യാസ് ലൈറ്റിങ് നമുക്ക് കാണാന്‍ സാധിക്കും. എന്തെങ്കിലും മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നവരും ആധിപത്യം നേടാന്‍ ശ്രമിക്കുന്നവരുമാണ് പലപ്പോഴും ഈ ടെക്‌നിക് ഉപയോഗിക്കുന്നത്. ചൂഷകന്‍ ഇരയ്ക്കു നേരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ തൊടുത്തുവിട്ടുകൊണ്ടിരിക്കും. വളരെ ശാന്തമായി, ചിരിച്ചുകൊണ്ട് ചുറ്റുമുള്ളവര്‍ ഒന്നും തന്നെ ശ്രദ്ധിക്കാത്ത രീതിയിലായിരിക്കും ഈ സംഭാഷണം. സഹികെടുന്ന ഇര കുറച്ചുകഴിയുമ്പോള്‍ ഉച്ചത്തില്‍ പ്രതികരിക്കും. ചൂഷകന്‍ സംസാരം നിര്‍ത്തി ശാന്തഭാവം തുടരും. ചുറ്റുമുള്ളവര്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഇര അകാരണമായി ശബ്ദം വയ്ക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ ചൂഷകന്‍ തനിക്കെതിരെ ഇരയാണ് ഈ ഗ്യാസ് തന്ത്രം പ്രയോഗിക്കപ്പെടുന്നത് എന്നും പറഞ്ഞുകളയും. ഈ ഇരവാദം വളരെ കൃത്യമായിത്തന്നെ അയാള്‍ സ്ഥാപിച്ചെടുക്കുകയും ചെയ്യും.സാധാരണ സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാരാണ് ഈ തന്ത്രം കൂടുതലായി പയറ്റുന്നത്, സ്ത്രീയെ തന്റെ വരുതിയില്‍ നിര്‍ത്താന്‍.

മുഖത്ത് നോക്കി നുണ പറയുന്നവര്‍

ഗ്യാസ് ലൈറ്റിംഗില്‍ ഏര്‍പ്പെടുന്ന ആളുകള്‍ വികാരപരമായി നുണ പറയുന്നവരാണ്. അവര്‍ നിങ്ങളുടെ മുഖത്ത് നോക്കി നഗ്‌നമായി നുണ പറയും, നിങ്ങള്‍ അവരെ വിളിക്കുകയോ അവരുടെ വഞ്ചനയുടെ തെളിവ് നല്‍കുകയോ ചെയ്താലും അവരുടെ കഥകള്‍ ഒരിക്കലും പിന്‍വലിക്കുകയോ മാറ്റുകയോ ചെയ്യില്ല. നുണ പറയുക എന്നതാണ് അവരുടെ മോശം പെരുമാറ്റത്തിന്റെ പ്രധാന ഭാഗം. അവര്‍ കള്ളമാണ് പറയുന്നതെന്ന് നമുക്കു മനസ്സിലായാലും അവര് നമ്മളെ അത് പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിക്കും.

നിങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പെരുമാറുക

ഗ്യാസ് ലൈറ്റര്‍മാര്‍ നിങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ഗോസിപ്പുകളും മറ്റുള്ളവര്‍ക്ക് പ്രചരിപ്പിച്ചു കൊണ്ടിരിക്കും. നിങ്ങള്‍ വൈകാരികമായി അസ്ഥിരനാണെന്നോ ”ഭ്രാന്താണെന്നോ” മറ്റുള്ളവരോട് സൂക്ഷ്മമായി പറയുമ്പോള്‍ അവര്‍ നിങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നതായി നടിക്കും. നിര്‍ഭാഗ്യവശാല്‍, ഈ തന്ത്രം വളരെ ഫലപ്രദമാണ്, മാത്രമല്ല മുഴുവന്‍ ആളുകളും മുഴുവന്‍ കഥയും അറിയാതെ അധിക്ഷേപകന്റെയോ ഭീഷണിപ്പെടുത്തുന്നവന്റെയോ പക്ഷത്ത് നില്‍ക്കുന്നു.

നിങ്ങളുടെ ശ്രദ്ധ തിരിക്കുക

നിങ്ങള്‍ ഒരു ഗ്യാസ്ലൈറ്ററോട് ഒരു ചോദ്യം ചോദിക്കുകയോ, അവര്‍ ചെയ്തതോ പറഞ്ഞതോ ആയ എന്തെങ്കിലും കാര്യം ചോദിയ്ക്കാന്‍ phone വിളിക്കുകയോ ചെയ്യുമ്പോള്‍, പ്രശ്നത്തോട് പ്രതികരിക്കുന്നതിനുപകരം ഒരു ചോദ്യം ചോദിച്ച് അവര്‍ വിഷയം മാറ്റിയേക്കാം.

നിങ്ങളുടെ വികാരങ്ങലെ നിസ്സാരവത്ക്കരിക്കും

നിങ്ങളുടെ വികാരങ്ങളെ നിസ്സാരവല്‍ക്കരിക്കുന്നത് ഗ്യാസ്ലൈറ്ററിന് നിങ്ങളുടെ മേല്‍ ശക്തി നേടാന്‍ അനുവദിക്കുന്നു. ”ശാന്തമാകൂ”, ”നിങ്ങള്‍ അമിതമായി പ്രതികരിക്കുന്നു” അല്ലെങ്കില്‍ ”നിങ്ങള്‍ എന്തിനാണ് ഇത്ര സെന്‍സിറ്റീവ് ആകുന്നത്?” ഇങ്ങനെയുള്ള പ്രസ്താവനകള്‍ നിങ്ങള്‍ തെറ്റാണെന്ന് ഉള്ള ആശയവിനിമയം നിങ്ങളില്‍ നടത്തുന്നു.

തെറ്റ് നിഷേധിക്കലും ശാന്തമായ വാക്കുകളും

ഗ്യാസ് ലൈറ്റെര്‍സ് ഒരു രീതിയിലും അവര് തെറ്റുകാരാണെന്നു സമ്മതിച്ചു തരില്ല, അവര്‍ തെറ്റ് ചെയ്താലും അങ്ങനെയൊന്നും നടന്നിട്ടില്ലെന്ന രീതിയില്‍ അവരുടെ ഇരയെ പറഞ്ഞു വിശ്വസിപ്പിക്കും. ചോദ്യം ചെയ്യുമ്പോള്‍ , ഗ്യാസ് ലൈറ്റര്‍ ദയയും സ്‌നേഹവും നിറഞ്ഞ വാക്കുകള്‍ ഉപയോഗിച്ച് സാഹചര്യം സുഗമമാക്കാന്‍ ശ്രമിക്കും. ”ഞാന്‍ നിന്നെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് നിനക്കറിയാമോ. ഞാന്‍ നിന്നെ ഒരിക്കലും മനപ്പൂര്‍വ്വം ഉപദ്രവിക്കില്ല” എന്ന് അവര്‍ പറഞ്ഞേക്കാം.

ഗ്യാസ് ലൈറ്റിംഗ് മുന്‍പ് പറഞ്ഞപോലെ നമുക്ക് ചുറ്റും പല രീതിയില്‍ നടക്കുന്നുണ്ട്. അത് ഓരോരുത്തര്‍ക്കും ഓരോ രീതിയില്‍ ആയിരിക്കുകയും ചെയ്യും. അത് തിരിച്ചറിയുക എന്നതാണ് പ്രധാനം. ഒരു ബന്ധത്തില്‍ ഇതിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്ന് നിങ്ങള്‍ തിരിച്ചറിഞ്ഞാല്‍, അവ പരിഹരിക്കേണ്ടത് പ്രധാനമാണ്. ഗ്യാസ് ലൈറ്റിംഗിന് വിധേയമാകുന്നത് ഉത്കണ്ഠ, വിഷാദം, മറ്റ് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും, ഇത് അമിത ആസക്തിയും ആത്മഹത്യയുടെ ചിന്തകളും ഉള്‍പ്പെടെയുള്ളവയാണ്. ഇക്കാരണത്താല്‍, നിങ്ങള്‍ ഗ്യാസ്ലൈറ്റിംഗ് അനുഭവിക്കുമ്പോള്‍ തിരിച്ചറിയേണ്ടത് പ്രധാനമാണ്.

നിങ്ങളുടെ വൈകാരികതയെ ആരെങ്കിലും ബോധപൂര്‍വ്വം മുറിപ്പെടുത്തുന്നു എന്ന് ബോധ്യപ്പെട്ടാല്‍, അല്ലെങ്കില്‍ അങ്ങനെയൊരാള്‍ ചെയ്യുന്നുണ്ട് എന്ന് സംശയം തോന്നിയാല്‍ പെട്ടെന്നുതന്നെ ആ വ്യക്തിയില്‍നിന്ന് പൂര്‍ണ്ണമായി അകലുകയോ വീടു മാറി നില്‍ക്കുകയോ ആണ് നല്ലത്. എന്നാല്‍ പലപ്പോഴും ഇത് അത്ര പ്രായോഗികമല്ല. കാരണം, അപ്പുറത്തുള്ളത് നിങ്ങളുടെ ജീവിതപങ്കാളിയോ സുഹൃത്തോ സഹപ്രവര്‍ത്തകരോ ആയിരിക്കും.

നിങ്ങള്‍ ചെയ്തില്ല എന്ന് നിങ്ങള്‍ക്ക് ഉറപ്പുള്ള ഒരു കാര്യത്തിന്റെ ഉത്തരവാദിത്വം ഒരു കാരണവശാലും നിങ്ങള്‍ ഏറ്റെടുക്കരുത്. കാരണം നിങ്ങള്‍ ഒരു സന്ദര്‍ഭത്തില്‍ കുറ്റം ഏറ്റെടുത്താല്‍, പിന്നീട് പുതിയ ആരോപണവുമായി അയാള്‍ വീണ്ടുമെത്തും. സ്നേഹത്തിന്റെ പേരില്‍ നിങ്ങളുടെ വൈകാരികത ബലികഴിച്ചു ഒരു ബന്ധം മുന്‍പോട്ട് കൊണ്ട്പോകാന്‍ ശ്രമിച്ചാല്‍, ഒരിക്കലും മറ്റേ ആളെ തൃപ്തിപ്പെടുത്താന്‍ നിങ്ങള്‍ക്കു സാധിക്കില്ല. മറ്റേ വ്യക്തിയുടെ വാദങ്ങള്‍ക്ക് അതേ രീതിയിലുള്ള മറുവാദം നടത്തരുത്. കാരണം തികച്ചും കെട്ടിച്ചമച്ച വാദങ്ങള്‍ക്കു നിങ്ങള്‍ മറുപടിയും മറുവാദവും ഉന്നയിക്കുമ്പോള്‍ നിങ്ങള്‍ക്ക് നഷ്ടം മാത്രമല്ല, അയാള്‍ വീണ്ടും വിജയിക്കുകയും ചെയ്യും. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ അയാളുടെ വാദങ്ങള്‍ ഒരിക്കലും അംഗീകരിച്ചു കൊടുക്കുന്നതായി സമ്മതിക്കരുത്. നിങ്ങളുടെ മാനസികവും ശാരീരികവുമായ സുരക്ഷയാണ് പ്രാധാന്യം എന്നതിനാല്‍ ആ സ്ഥലത്തുനിന്നു മാറ്റുകയും ശാരീരികമായ ഒരു ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കില്‍ നിയമപരമായ സഹായം സ്വീകരിക്കുകയും ചെയ്യാവുന്നതാണ്. ഒരു മനശ്ശാസ്ത്ര വിദഗ്ദ്ധന്റെ അഭിപ്രായം തേടുകയും മാനസികമായി ആഘാതം നേരിടാന്‍ മുന്‍കരുതലുകള്‍ എടുക്കാന്‍ സാധിക്കുകയും ചെയ്യും.

Hot Topics

Related Articles