കൊളംബോ : ബിസിസിഐ സെക്രട്ടറിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനുമായ ജയ് ഷായ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം നായകന്‍ അര്‍ജുന രണതുംഗ.ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ തകര്‍ച്ചയ്ക്ക് കാരണം ജയ് ഷായാണ് എന്ന് അര്‍ജുന രണതുംഗ ആരോപിച്ചു. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ഉദ്യോഗസ്ഥരുമായുള്ള ബന്ധം ജയ് ഷാ ദുരുപയോഗം ചെയ്യുകയാണ് എന്ന് അര്‍ജുന രണതുംഗ തുറന്നടിച്ചു.
ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ചവിട്ടിത്താഴ്ത്താന്‍ ജയ് ഷാ ശ്രമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അധികൃതരും ജയ് ഷായും തമ്മിലുള്ള ബന്ധം ബി സി സി ഐക്ക് എസ് എല്‍ സിയെ നിയന്ത്രിക്കാനും ആധിപത്യം സ്ഥാപിക്കാനും കഴിയുമെന്ന ധാരണയാണ് നല്‍കിയതെന്നും അര്‍ജുന രണതുംഗ പറഞ്ഞു. ജയ് ഷായാണ് ശ്രീലങ്കന്‍ ക്രിക്കറ്റിനെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ജയ് ഷായുടെ ശക്തി ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായ അമിത് ഷായുടെ മകനാണ് എന്നതാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. 1996 ലോകകപ്പ് നേടിയ ശ്രീലങ്കന്‍ ടീം ക്യാപ്റ്റനാണ് അര്‍ജുന രണതുംഗ. ഈ ലോകകപ്പില്‍ ഏറ്റവും മോശം പ്രകടനമാണ് ശ്രീലങ്ക കാഴ്ച വെച്ചത്. ഒൻപത് മത്സരങ്ങളില്‍ ഏഴെണ്ണവും പരാജയപ്പെട്ട് സെമിയിലെത്താന്‍ പോലും ശ്രീലങ്കയ്ക്ക് സാധിച്ചിരുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് പിന്നാലെ ഐ സി സി ശ്രീലങ്കയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ക്രിക്കറ്റ് ബോര്‍ഡിലെ സര്‍ക്കാര്‍ ഇടപെടല്‍ ആരോപിച്ചായിരുന്നു ഐ സി സിയുടെ നടപടി. ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. അര്‍ജുന രണതുംഗ തലവനായി ഒരു ഇടക്കാല കമ്മിറ്റിയെ നിയമിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ക്രിക്കറ്റ് ബോര്‍ഡ് പിരിച്ചുവിട്ട നടപടി കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ഐ സി സി സസ്‌പെന്റ് ചെയ്തതോടെ 2024 ലെ അണ്ടര്‍ 19 ലോകകപ്പിന് വേദിയാകാനുള്ള ലങ്കയുടെ അവസരം ഉള്‍പ്പടെ അനിശ്ചിതത്തിലാണ്. ഈ ലോകകപ്പിലും ഏഷ്യാ കപ്പ് ഫൈനലിലും ഇന്ത്യയോട് ടീം സ്‌കോര്‍ രണ്ടക്കം പോലും തികക്കാനാകാതെ ശ്രീലങ്ക പുറത്തായിരുന്നു. അതേസമയം ക്രിക്കറ്റ് ബോര്‍ഡിലെ അഴിമതിയാണ് പിരിച്ചുവിടാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്.