കപ്പിലെ കൊടുങ്കാറ്റ്
നാല് കാര്യങ്ങളാണ് തോന്നിയത്.
1.ഒരുകാലത്ത് ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ഇന്ത്യൻ ബാറ്റിംഗ് ആരംഭിച്ചിരുന്നതും അവസാനിച്ചിരുന്നതും ടോപ് ഓർഡറിലെ ആദ്യ മൂന്ന് സ്ലോട്ടുകളിലായിരുന്നു.അവരെത്ര കൂടുതൽ നിൽക്കുന്നുവോ അത്രയും കൂടുതലായിരുന്നു ഇന്ത്യയുടെ വിജയസാധ്യതകൾ.ഇപ്പോഴാണെങ്കിൽ,ട്വന്റി ട്വന്റിയിലെങ്കിലും,ഇന്ത്യൻ ബാറ്റിംഗിന്റെ ഏറ്റവും ദുർബലമായ കണ്ണി അതിന്റെ ടോപ് ത്രീ ബാറ്റർമാരായിരിക്കുന്നു.അവരെത്ര നേരം ക്രീസിൽ നിൽക്കുന്നുവോ,അത്രത്തോളം സമ്മർദ്ദം മിഡിൽ ഓർഡറിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നുവെന്നായിരിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2.ഒരു ബൗളിംഗ് ഇന്നിംഗ്സ് എങ്ങനെ അവസാനിപ്പിക്കണമെന്ന് ഇപ്പോഴും ഇന്ത്യൻ ടീമിന് മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു.ഷോർട്ടർ ഫോർമാറ്റുകളിൽ,അവസാന വിക്കറ്റിലും ഓവറിലുമൊക്കെ കാണിക്കുന്ന ഉദാസീനത അപ്പോൾ സ്കോർ ചെയ്യപ്പെടുന്ന റൺസിന്റെ പത്തിരട്ടി ആഘാതത്തിലായിരിക്കും ചേസിങ്ങിലെ നിർണായകനിമിഷങ്ങളിൽ അനുഭവപ്പെടുക എന്ന കാര്യം നമ്മളിപ്പോഴും ഓർക്കാറേയില്ലെന്നാണ് തോന്നുന്നത്.’ഗോ ഫോർ ദ ഫൈനൽ ബ്ലഡ്’ എന്ന കില്ലർ ഇൻസ്റ്റിംക്റ്റ് നമ്മളിനിയെന്നാണാവോ സ്വായത്തമാക്കാൻ പോവുന്നത്?!
3.ഓരോ കാലഘട്ടത്തിലും ഹൃദയം കൊണ്ട് പന്തെറിയുന്ന പേസർമാരെ പാകിസ്ഥാൻ ക്രിക്കറ്റ് എങ്ങനെയാണാവോ വർഷാവർഷം അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്?!ഏതു ലക്ഷ്യവും പ്രതിരോധിക്കാൻ തക്കവിധമുള്ള ഊർജവും പേറി നസീം ഷായെപ്പോലുള്ള ഫാസ്റ്റ് ബൗളർമാർ ഇടറുന്ന കാലടികളെപ്പോലും കൂസാതെ ഓഫ് സ്റ്റമ്പിനു വെളിയിലെ,അനിശ്ചിതത്വത്തിന്റെ ഇടനാഴികളിൽ ക്ലോക്ക് ചെയ്യുന്ന 140kph വേഗതയിലുള്ള ഡെലിവറികൾ സ്വിംഗ് ചെയ്തു കയറുന്നത് ക്രിക്കറ്റിനെ സ്നേഹിക്കുന്നവന്റെ നെഞ്ചിലേക്കാണ്.ഏതൊക്കെ ബൗളർമാർ ഇല്ലാതാകുമ്പോഴും അതിനെയൊക്കെ മറികടക്കാൻ തക്കവിധം ശേഷിയുള്ള പേസ് ബാറ്ററിയെ നിർമ്മിച്ചെടുക്കാൻ പോന്നതാണ് പാക് ക്രിക്കറ്റെന്ന തോന്നൽ നസീം ഷായിലൂടെ ഊട്ടിയുറപ്പിക്കപ്പെടുന്നു.
4.ബൗളിംഗ് ഓൾറൗണ്ടറിൽ നിന്ന് ബാറ്റിംഗ് ഓൾറൗണ്ടറിലേക്കുള്ള രവീന്ദ്ര ജഡേജയുടെ ട്രാൻസിഷനും,തിരിച്ചുള്ള ഹർദിക് പാണ്ഡ്യയുടെ ട്രാൻസിഷനുമാണ് ടി ട്വന്റി ഫോർമാറ്റിൽ ഇന്ത്യയെ അടുത്ത ഒന്നു രണ്ടു വർഷങ്ങളിലെങ്കിലും അനിഷേധ്യശക്തിയാക്കുക എന്നു തോന്നുന്നു.അതിനൊപ്പം ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെങ്കിലും ഇന്ത്യയുടെ ഭാവിനായകത്വം ഹർദ്ദിക്കിൽ സുരക്ഷിതമായിരിക്കും എന്ന തോന്നൽ കൂടി സമ്മർദ്ദവേളയിലെ അയാളുടെ സ്വാഭാവിക പ്രതികരണങ്ങൾ ഉളവാക്കുന്നു.