തിരുവനന്തപുരം : മലയാളി ഫുട്ബോള്‍ താരങ്ങളുടെ സര്‍ക്കാര്‍ ജോലിയുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നില്ല. സര്‍ക്കാര്‍ ജോലി നല്‍കിയ ശേഷം കാരണം പോലും പറയാതെ പിരിച്ചുവിട്ടുവെന്ന് ആരോപിച്ച് മുൻ ഇന്ത്യൻ ഫുട്ബോളര്‍ മുഹമ്മദ് റാഫിയാണ് ഇപ്പോള്‍ രംഗത്ത് വന്നത്.2004ല്‍ കേരളം സന്തോഷ് ട്രോഫി നേടിയപ്പോള്‍ ടീമംഗമായിരുന്ന റാഫിയടക്കമുള്ളവര്‍ക്ക് ജോലി നല്‍കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ 2008ലാണ് ജോലി നല്‍കിയത്. ആരോഗ്യവകുപ്പിലായിരുന്നു നിയമനം.
എന്നാല്‍ പ്രൊഫഷനല്‍ രംഗത്ത് കളിക്കാനായി അഞ്ച് വര്‍ഷത്തെ ദീര്‍ഘ അവധിയെടുത്ത് പോയ താരത്തിന് പിന്നീട് ജോലിയില്ലാതായി. 2010ലും 2011ലും ഇന്ത്യൻ ടീമിനായി മികച്ച പ്രകടനം നടത്തിയ താരത്തെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. 2010 നവംബറില്‍ കുവൈത്തിനെതിരെ സൗഹൃദ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി റാഫി ഗോള്‍ നേടിയിരുന്നു. ലോകകപ്പ് സൗഹൃദ മത്സരത്തിലടക്കം കളിച്ച താരത്തെ കാരണം പോലും പറയാതെ പിരിച്ചുവിട്ടുവെന്നാണ് അദ്ദേഹം മീഡിയവണിനോട് പറഞ്ഞത്. തന്നെ ജോലിയില്‍ തിരികെ പ്രവേശിക്കാൻ നിരവധി എംഎല്‍എമാരെ കണ്ടുനോക്കിയെന്നും ഇനിയിപ്പോള്‍ ആരോട് പറയാനാണെന്നും അദ്ദേഹം പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സര്‍ക്കാര്‍ ജോലിയില്‍ നിയമനം കിട്ടിയ താരങ്ങള്‍ക്ക് പ്രൊഫഷണല്‍ ലീഗ് കളിക്കാൻ മറ്റു സംസ്ഥാനങ്ങള്‍ അനുമതി നല്‍കുന്നുണ്ടെന്നും എന്നാല്‍ ഇവിടെയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ജോലിക്ക് അപേക്ഷിച്ചപ്പോള്‍ നല്‍കാതെ, ഇപ്പോള്‍ വയസ്സായെന്ന് പറയുന്നതില്‍ എന്തര്‍ത്ഥം’ അദ്ദേഹം ചോദിച്ചു. ജോലിക്ക് അപേക്ഷിക്കാൻ ഫുട്‌ബോള്‍ താരങ്ങളായ അനസ് എടത്തൊടികയും, റിനോ ആന്റോയും വൈകിയത് കൊണ്ടാണ് സര്‍ക്കാര്‍ ജോലി ലഭിക്കാതെ പോയതെന്ന് യു ഷറഫലി പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിനെതിരെ അനസ് എടത്തൊടിക രംഗത്ത്‌വന്നിരുന്നു. ജോലി ലഭിക്കാൻ യാചിക്കണോയെന്നും ഷറഫലിയുടേത് തികഞ്ഞ അവഗണനയാണെന്നും അനസ് തുറന്നടിച്ചു.