ഗവർണർ സർക്കാർ പോര് : കേരളത്തിന്റെ ഹർജിയിൽ ആരിഫ് മുഹമ്മദ് ഖാന് സുപ്രീം കോടതി നോട്ടീസ്

കൊച്ചി: ഗവർണർ ബില്ലുകളില്‍ ഒപ്പിടാന്‍ വൈകുന്നത് ചോദ്യം ചെയ്ത് കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഗവര്‍ണര്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്ര സര്‍ക്കാരും വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കണം. ‌കേരളത്തിന്റെ ആവശ്യത്തില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഗവര്‍ണര്‍ക്ക് നോട്ടീസയച്ചു. അഞ്ച് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. കേന്ദ്ര സര്‍ക്കാരിനോടും മൂന്നംഗ ബെഞ്ച് വിശദീകരണം തേടി.

ഭരണഘടനയുടെ അനുച്ഛേദം 168 അനുസരിച്ച് ഗവര്‍ണര്‍ നിയമസഭയുടെ ഭാഗമാണ്. മൂന്ന് ഓര്‍ഡിനന്‍സുകള്‍ പിന്നീട് നിയമസഭ അംഗീകരിച്ച് ഗവര്‍ണര്‍ക്ക് അയച്ചു. ഇതുള്‍പ്പടെ എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുത്തിട്ടില്ല. ഏഴ് മാസം മുതല്‍ 23 മാസം വരെയായി ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ വൈകുന്നുവെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിന്റെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകരായ അറ്റോര്‍ണി ജനറലും സോളിസിറ്റര്‍ ജനറലും ഹാജരാകണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വെള്ളിയാഴ്ച പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ കെ കെ വേണുഗോപാലാണ് കേരളത്തിന് വേണ്ടി ഹാജരായത്. 

പഞ്ചാബ്, തെലങ്കാന, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകളും ഗവര്‍ണര്‍മാര്‍ക്കെതിരെ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഓരോ സംസ്ഥാനങ്ങളിലെയും വിഷയം പ്രത്യേകമായാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. 

ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്ന നിര്‍വ്വചനത്തിന് സമയപരിധി നിശ്ചയിക്കണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. ബില്ലുകളില്‍ തീരുമാനമെടുക്കാതെ അനന്തമായി നീട്ടുന്നത് ഭരണഘടനാ വിരുദ്ധമാണ് എന്നാണ് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെ ഹര്‍ജികളിലെ ആവശ്യം.

Hot Topics

Related Articles