കോട്ടയം: സാക്ഷികളും അതിജീവിതയും കൂറുമാറിയിട്ടും മകളെ പീഡിപ്പിച്ച പിതാവിനെ ശിക്ഷിച്ച് കോടതി. എറുമേലി കണമല സ്വദേശിയായ പിതാവിനെയാണ് മകളെ പീഡിപ്പിച്ച കേസിൽ പത്തു വർഷം കഠിന തടവിനും ഒരു ലക്ഷം രൂപയ്ക്കും ശിക്ഷിച്ചത്. അഡീഷണൽ ജില്ലാ കോടതി ഒന്ന് ജഡ്ജി ബി.ഗോപകുമാറാണ് പ്രതിയെ ശിക്ഷിച്ചത്.
2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. മൂന്നാം ക്ലാസ് മുതൽ പെൺകുട്ടിയെ പിതാവ് പീഡിപ്പിക്കുകയായിരുന്നുവെന്നു കുട്ടി മൊഴി നൽകിയിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സ്‌കൂളിൽ നിന്നും ലഭിച്ച കൗൺസിലിംങിനെ തുടർന്നാണ് അതിക്രമത്തോടു പ്രതികരിക്കാൻ കുട്ടി തയ്യാറെടുത്തത്. തുടർന്നു, ഒരു ദിവസം സ്‌കൂളിൽ നിന്നും എത്തി വസ്ത്രം മാറുന്നതിനിടെ പിതാവ് കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. അതിക്രമത്തിൽ നിന്നും രക്ഷപെട്ട് പുറത്തേയ്ക്ക് ഓടിരക്ഷപെട്ട കുട്ടി, അയൽവീട്ടിലാണ് ഓടിയെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് അയൽവാസികൾ വിവരം പൊലീസിൽ അറിയിച്ചു. അയൽവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പെൺകുട്ടിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. എരുമേലി സി.ഐ പി.പി മോഹൻലാൽ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. വി.എ സുരേഷാണ് കുറ്റപത്രം സമർപ്പിച്ചത്. 14 സാക്ഷികളെ വിസ്തരിച്ച കേസിൽ 25 പ്രമാണങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ആദ്യം പ്രോസിക്യൂഷനെ വിസ്തരിക്കുമ്പോൾ, അതിജീവിതയും കുട്ടിയുടെ മാതാവും അനുകൂലമായി മൊഴി നൽകിയിരുന്നു. എന്നാൽ, പിന്നീട് ഇരുവരും മൊഴി മാറ്റുകയായിരുന്നു. രണ്ടാമതും പ്രോസിക്യൂഷൻ ക്രോസ് വിസ്താരം നടത്തിയതോടെയാണ് അതിജീവിതം ശരിയായ മൊഴി നൽകിയത്. തുടർന്നാണ്, പിതാവിനെ ശിക്ഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി പ്രോസിക്യൂട്ടർ എം.എം പുഷ്‌കരൻ കോടതിയിൽ ഹാജരായി.