മുംബൈ : ഗാസ്സയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ പ്രതികരണവുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ഇര്ഫാന് പത്താന്. ഗാസ്സയില്‍ ഓരോ ദിവസവും പത്ത് വയസ്സില്‍ താഴെയുള്ള നിഷ്കളങ്കരായ കുരുന്നുകളാണ് മരിച്ചു വീഴുന്നതെന്നും ലോകം ഇതുകണ്ടിട്ടും നിശബ്ദത തുടരുകയാണെന്നും ഇര്ഫാന് സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു. കായിക താരമെന്ന നിലയില്‍ തനിക്ക് ഇതിനെതിരെ വാക്കുകള്‍ കൊണ്ട് മാത്രമേ പ്രതികരിക്കാനാവൂ എന്നും ഈ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ലോക നേതാക്കള്‍ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഇര്ഫാന് പത്താന് കുറിച്ചു.
കഴിഞ്ഞ ദിവസം വനിത ടെന്നിസിലെ ഏഴാം റാങ്കുകാരിയായ തുനീഷ്യൻ താരം ഒൻസ് ജബ്യൂര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ പ്രതികരണവുമായി എത്തുകയും വിമൻസ് ടെന്നിസ് അസോസിയേഷൻ (ഡബ്യു.ടി.എ) ഫൈനല്‍സിലെ സമ്മാനത്തുകയില്‍നിന്ന് ഒരു ഭാഗം ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിംബിള്‍ഡണ്‍ ഫൈനലില്‍ തന്നെ തോല്പിച്ച ചെക്ക് താരം മര്‍കെറ്റ വോൻഡ്രൂസോവയെ പരാജയപ്പെടുത്തിയ ശേഷമായിരുന്നു കണ്ണീരോടെ ജബ്യൂറിന്റെ പ്രതികരണം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘വിജയത്തില്‍ ഞാൻ സന്തുഷ്ടയാണ്. ഈ ജയംകൊണ്ട് മാത്രം എനിക്ക് സന്തോഷവതിയാകാൻ കഴിയില്ല. ലോകത്തിലെ ഈ സാഹചര്യം എന്നെ ആഹ്ലാദിപ്പിക്കുന്നില്ല. ഓരോ ദിവസവും കുഞ്ഞുങ്ങള്‍ മരിക്കുന്നത് കാണുന്നത് കഠിനവും ഹൃദയഭേദകവുമാണ്. അതുകൊണ്ട് ഇതിന്റെ സമ്മാനത്തുകയില്‍നിന്ന് ഒരു ഭാഗം ഫലസ്തീനെ സഹായിക്കാനായി ഞാൻ തീരുമാനിച്ചിരിക്കുകയാണ്’, ഗ്രാന്റ്സ്ലാം ഫൈനല്‍ കളിച്ച ഏക വനിത അറേബ്യൻ താരം പ്രതികരിച്ചു.