കിടിലൻ ഓഫറുമായി തായ്‌ലന്റ് ; വിനോദ സഞ്ചാരികളുടെ പറുദീസയിലേക്ക് ഇനി ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ പറക്കാം

ന്യൂസ് ഡെസ്ക് : വിനോദ സഞ്ചാരികളുടെ പറുദീസ എന്നറിയപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാണ് തായ്‌ലന്റ്. ഇന്ത്യയില്‍ നിന്ന് വര്‍ഷംതോറും നിരവധി സഞ്ചാരികള്‍ തായ്‌ലന്റ് സന്ദര്‍ശിക്കാറുണ്ട്.ഇപ്പോഴിതാ ഇന്ത്യക്കാര്‍ക്കായി കിടിലനൊരു ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് തായ്‌ലന്റ് ടൂറിസം വകുപ്പ്. നവംബര്‍ 10 മുതല്‍ സന്ദര്‍ശക വിസ ഇല്ലാതെ തായ്‌ലന്റിലേക്ക് പറക്കാനുള്ള അവസരമാണ് ഇന്ത്യക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. 2024 മെയ് വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. സാധാരണയായി 8000 രൂപ വരെയാണ് തായ്‌ലന്റിലേക്കുളള സന്ദര്‍ശക വിസയുടെ നിരക്ക്.

രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണര്‍വ് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് വിസയില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പരമാവധി 30 ദിവസം വരെയാണ് ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശക വിസ ഇല്ലാതെ തായ്‌ലന്റില്‍ താമസിക്കാൻ കഴിയുക. ഈ വര്‍ഷം ഇതുവരെ 12 ലക്ഷം ഇന്ത്യക്കാര്‍ തായ്‌ലന്റ് സന്ദര്‍ശിച്ചിട്ടുണ്ട്. വിസയില്‍ ഇളവ് കൂടി പ്രഖ്യാപിച്ചതിനാല്‍, സഞ്ചാരികളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ മാസം ചൈനയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്കും തായ്‌ലന്റ് വിസ ഒഴിവാക്കിയിരുന്നു. മലേഷ്യ, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ തായ്‌ലന്റ് ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കുന്നത് ഇന്ത്യക്കാരാണ്.

Hot Topics

Related Articles