ന്യൂഡൽഹി: ജി.എസ്.ടി വരുമാനം ഇടിഞ്ഞതായുള്ള സംസ്ഥാനങ്ങളുടെ പരാതിയ്ക്ക് പരിഹാരവുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ സംസ്ഥാനങ്ങൾക്ക് 40000 കോടി വായ്പ അനുവദിച്ച കേന്ദ്ര സർക്കാർ ഇതിലൂടെ സംസ്ഥാനങ്ങളുടെ പരാതികൾക്കാണ് പരിഹാരം കാണാൻ ശ്രമിക്കുന്നത്.
ജിഎസ്ടി വരുമാനം ഇടിഞ്ഞത് നികത്താനാണ് വായ്പ അനുവദിച്ചത്. ജിഎസ്ടി നഷ്ടപരിഹാരത്തിന് പുറമെയാണ് തുക. വരുമാന നഷ്ടം പഠിച്ച് നിരക്ക് മാറ്റം ശുപാർശ ചെയ്യാൻ മന്ത്രിതല സമിതി നേരത്തെ രൂപീകരിച്ചിരുന്നു.
ഈ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ വായ്പ അനുവദിച്ചിരിക്കുന്നത്.
ഈ സാമ്പത്തിക വർഷത്തിൽ കേന്ദ്രം 1.59 ലക്ഷം കോടി രൂപ കടം വാങ്ങും. ഇത് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഘട്ടംഘട്ടമായി നൽകാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഇതിലൂടെ ജിഎസ്ടി കുറവ് കൊണ്ട് സംസ്ഥാനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കും താത്കാലിക പരിഹാരമാകുമെന്നാണ് പ്രതീക്ഷ.ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് അനുവദിച്ച തുക 115000 കോടി രൂപയായി. 75000 കോടി രൂപ ജൂലൈ 15 ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അനുവദിച്ചിരുന്നു. 2020-21 സാമ്പത്തിക വർഷത്തിലും ഇത്തരത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രം സാമ്പത്തിക സഹായം നൽകിയിരുന്നു.
അന്ന് 1.10 ലക്ഷം കോടി രൂപയാണ് വായ്പയായി അനുവദിച്ചത്. ജിഎസ്ടി നഷ്ടപരിഹാര തുകയ്ക്ക് പുറമെയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.