കോട്ടയം: തിരുവനന്തപുരത്തിനും ആലപ്പുഴയ്ക്കും പിന്നാലെ കോട്ടയത്തും ഗുണ്ടാ സംഘങ്ങൾ അഴിഞ്ഞാടുന്നത് തടയാൻ ജില്ലാ പൊലീസിന്റെ ഓപ്പറേഷൻ കാവൽ.! സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലും ഓപ്പറേഷൻ കാവലിന്റെ ഭാഗമായി ഗുണ്ടകളെ നിയന്ത്രിക്കുന്നതിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിരിക്കുന്നത്. മുൻപ് ഗുണ്ടകളെയും, ക്രിമിനലുകളെയും അടക്കി നിർത്തിയതിൽ മുൻ പരിചയമുള്ള ഉദ്യോഗസ്ഥരെയാണ് കാവൽ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ജില്ലയിലെ കൊടുംക്രിമിനലുകളായ അലോട്ടിയും വിനീത് സഞ്ജയനും അടക്കമുള്ള സംഘം നിലവിൽ വിവിധ കേസുകളിലായും കാപ്പ ചുമത്തപ്പെട്ടും ജയിലിൽ കഴിയുകയാണ്. ഇപ്പോൾ ഇവരുടെ സംഘത്തിലെ ക്രിമിനലുകളാണ് പുറത്തുള്ളത്. എന്നാൽ, ഈ പുറത്തുള്ള ക്രിമിനലുകളാണ് ഇപ്പോൾ കഞ്ചാവ് കച്ചവടവും, ലഹരി മാഫിയ സംഘങ്ങളെ നിയന്ത്രിക്കുന്നതും. ജയിലിൽ പോലും കഞ്ചാവ് എത്തിച്ച് നൽകുന്നതിനു ഈ മാഫിയ സംഘങ്ങൾ മടിക്കാറില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത്തരത്തിൽ അഴിഞ്ഞാടുന്ന ഗുണ്ടാ സംഘങ്ങൾ ജില്ലയിൽ അക്രമ സംഭവങ്ങളിൽ ഏർപ്പെടുന്നതും പതിവാണ്. ജില്ലയിൽ അടുത്തിടെയുണ്ടായ അക്രമ സംഭവങ്ങളിലെല്ലാം ഗുണ്ടാ സംഘാംഗങ്ങളായ യുവാക്കളുടെ പങ്ക് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് ആലപ്പുഴയ്ക്കും തിരുവനന്തപുരത്തിനും സമാനമായ അക്രമമുണ്ടാകുമെന്നു മുൻകൂട്ടി കണ്ട് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശാനുസരണം ജില്ലാ പൊലീസ് മേധാവി സ്‌ക്വാഡ് രൂപീകരിച്ചിരിക്കുന്നത്.