ദില്ലി: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദില്‍ പൂജക്ക് അനുമതി നല്കി വാരാണസി ജില്ലാകോടതി. മസ്ജിദിന് താഴെ മുദ്രവെച്ച 10 നിലവറകളുടെ മുന്നില്‍ പൂജ നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഹിന്ദു വിഭാഗത്തിൻ്റെ അഭിഭാഷകനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. ഹിന്ദു വിഭാഗം ഉന്നയിച്ച പൂജയ്ക്കുള്ള അനുമതിയാണ് കോടതി നല്‍കിയിരിക്കുന്നത്. മസ്ജിദിന്റെ അടിത്തട്ടിലുള്ള തെക്ക് ഭാഗത്തെ നിലവറയിലെ വിഗ്രഹങ്ങളില്‍ പൂജ നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കാൻ ജില്ലാ മജിസ്ട്രേറ്റിനോട് കോടതി നിർദേശിച്ചു. ഏഴ് ദിവസത്തിനകം ഇവിടെ പൂജ തുടങ്ങുമെന്നാണ് വിവരം.
ഗ്യാൻവ്യാപി പള്ളി മുസ്ലീങ്ങള്‍ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. വാരണാസിയിലെ ക്ഷേത്രം തകർത്താണ് പള്ളി പണിതതെന്ന് എഎസ്ഐ സ്ഥിരീകരിച്ചെന്നും പള്ളി ക്ഷേത്രത്തിനായി ഹിന്ദു സമൂഹത്തിന് കൈമാറണമെന്ന് വിഎച്ച്പി പറഞ്ഞിരുന്നു. മനോഹരമായ ക്ഷേത്രം തകർത്തതിന് ശേഷമാണ് പള്ളി നിർമിച്ചതെന്ന് എഎസ്ഐ പുറത്തുവിട്ട തെളിവുകളില്‍ നിന്ന് വ്യക്തമാണെന്ന് വിഎച്ച്പി അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡൻ്റ് അലോക് കുമാർ പറഞ്ഞു. പള്ളിയില്‍ ക്ഷേത്ര ഘടനയുള്ള, പ്രത്യേകിച്ച് പടിഞ്ഞാറൻ മതില്, ഹിന്ദു ക്ഷേത്രത്തിൻ്റെ അവശേഷിക്കുന്ന ഭാഗമാണെന്നും തൂണുകളും പൈലസ്റ്ററുകളും ഉള്‍പ്പെടെ ക്ഷേത്രത്തിൻ്റെ ഭാഗങ്ങള്‍ പരിഷ്കരിച്ചതാണെന്നും റിപ്പോർട്ട് തെളിയിക്കുന്നു. വസുഖാനക്ക് ശിവലിംഗത്തിന്റെ ആകൃതിയാണെന്നത് അത് പള്ളിയല്ലെന്ന് തെളിയിക്കുന്നു. ജനാർദ്ദന, രുദ്ര, ഉമേശ്വര തുടങ്ങിയ പേരുകള്‍ ഈ നിർമിതിയില്‍ നിന്ന് കണ്ടെത്തിയ ലിഖിതങ്ങളില്‍ നിന്ന് ഇത് ക്ഷേത്രമാണെന്നതിൻ്റെ തെളിവാണെന്നും അലോക് വർമ അവകാശപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1947 ഓഗസ്റ്റ് 15 ന് ആരാധനാലയത്തിൻ്റെ മതപരമായ ആചാരം നിലനിന്നിരുന്നുവെന്നും ഇതൊരു ഹിന്ദു ക്ഷേത്രമാണെന്നും എഎസ്ഐ ശേഖരിച്ച തെളിവുകളും നിഗമനങ്ങളും തെളിയിക്കുന്നു. അതുകൊണ്ടുതന്നെ 1991 ലെ ആരാധനാലയ നിയമത്തിലെ സെക്ഷൻ 4 പ്രകാരം, നിർമിതി ഹിന്ദു ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നും വിഎച്ച്പി നേതാവ് ആവശ്യപ്പെട്ടു. വസുഖാന പ്രദേശത്ത് കണ്ടെത്തിയ ശിവലിംഗത്തിന് സേവാപൂജ അർപ്പിക്കാൻ ഹിന്ദുക്കളെ അനുവദിക്കണമെന്നും വിഎച്ച്പി അധ്യക്ഷൻ പറഞ്ഞു. ഗ്യാൻവാപി മസ്ജിദ് മാന്യമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റാനും കാശി വിശ്വനാഥൻ്റെ യഥാർത്ഥ സ്ഥലം ഹിന്ദു സൊസൈറ്റിക്ക് കൈമാറാനും അദ്ദേഹം ഇൻ്റസാമിയ കമ്മിറ്റിയോട് ആവശ്യപ്പെട്ടു. ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തെക്കുറിച്ചുള്ള എഎസ്ഐ സർവേ റിപ്പോർട്ട് പരസ്യമാക്കിയതിന് പിന്നാലെയാണ് വിഎച്ച്പി രംഗത്തെത്തിയത്. മുമ്പ് നിലവിലുണ്ടായിരുന്ന ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമ്മിച്ചതെന്ന് ഹിന്ദു വ്യവഹാരക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അവകാശപ്പെട്ടിരുന്നു.