ലോകകപ്പിലെ സൂപ്പർ താരവും ഇനി പി എസ് ജി പടയുടെ ഭാഗം ! ഖത്തറിലെ മൊറോക്കൻ താരം മെസിക്കൊപ്പം ബൂട്ട് കെട്ടും 

പാരിസ്: ഖത്തര്‍ ലോകകപ്പിലെ മൊറോക്കന്‍ സൂപ്പര്‍ ഹീറോ ഹക്കീം സിയേഷിനെ ടീമിലെത്തിക്കാന്‍ പി.എസ്.ജിയുടെ അപ്രതീക്ഷിത നീക്കം.ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് താരത്തെ ചെല്‍സിയില്‍നിന്ന് ലോണില്‍ എത്തിക്കാന്‍ നീക്കം നടക്കുന്നത്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നാണ് വിവരം. 

സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സി, നെയ്മര്‍, കിലിയന്‍ എംബാപ്പെ എന്നിവരുടെ സാന്നിധ്യത്തിലും ആക്രമണനിര വേണ്ടത്ര ശക്തമല്ലെന്ന് പി.എസ്.ജി കോച്ച്‌ ക്രിസ്റ്റഫ് ഗാല്‍റ്റിയര്‍ സമ്മതിച്ചിരുന്നു. ഇതിന് ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയതാണ്. നീക്കത്തിന്റെ ഭാഗമായി നിരവധി വിങ്ങര്‍മാരെ പി.എസ്.ജി ലക്ഷ്യമിട്ടിരുന്നെങ്കിലും ഇതുവരെ ആരെയും ടീമിലെത്തിക്കാനായിരുന്നില്ല. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെയാണ് ട്രാന്‍സ്ഫര്‍ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് അവസാന നിമിഷം ഫ്രഞ്ച് ലീഗ് ചാംപ്യന്മാരുടെ സര്‍പ്രൈസ് നീക്കം. സിയേഷുമായും ചെല്‍സിയുമായും പി.എസ്.ജി ചര്‍ച്ച തുടരുകയാണ്. താരത്തെ വാങ്ങാനുള്ള അവസരമില്ലാത്തതിനാല്‍ ലോണില്‍ ടീമിലെത്തിക്കാനാണ് നീക്കം. പി.എസ്.ജി ക്ഷണം സിയേഷ് സ്വീകരിച്ചതായി ഫ്രഞ്ച് മാധ്യമം ‘ലിക്വിപ്’ റിപ്പോര്‍ട്ട് ചെയ്തു. കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ മൊറോക്കന്‍ സഹതാരം അഷ്റഫ് ഹക്കീമിക്കൊപ്പം ഒന്നിക്കാനുള്ള അവസരം കൂടിയാണ് സിയേഷിനു മുന്നില്‍ തുറക്കുന്നത്.

നേരത്തെ, സിയേഷിനെ സ്വന്തമാക്കാന്‍ ഇറ്റാലിയന്‍ ക്ലബുകളായ എ.സി മിലാനും റോമയും നീക്കം നടത്തിയിരുന്നു. എന്നാല്‍, ചെല്‍സിയില്‍ തന്നെ തുടരാന്‍ താരം തീരുമാനിക്കുകയായിരുന്നു. ഇതിനു പിന്നാലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ന്യൂകാസിലും എവെര്‍ട്ടനും താരത്തെ ടീമിലെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. സിയേഷിനെ വിടാന്‍ ചെല്‍സി ഒരുക്കമായിരുന്നില്ല. 

ചെല്‍സിക്കായി 98 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ ഹക്കീം സിയേഷ് 14 ഗോളാണ് സ്വന്തം പേരിലാക്കിയത്. ക്ലബുമായുള്ള കരാര്‍ കാലാവധി രണ്ടര വര്‍ഷം കൂടി ബാക്കിയുണ്ട്.

Hot Topics

Related Articles