ഇസ്രായേല്‍- ഹമാസ് യുദ്ധം : ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സിസിയുമായി ഫോണില്‍ സംസാരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : ഇസ്രായേല്‍- ഹമാസ് യുദ്ധത്തിനിടയില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സിസിയുമായി ഫോണില്‍ സംസാരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാസ മുനമ്ബില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളെക്കുറിച്ചും സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഇതോടൊപ്പം ഗാസയിലെ ജനങ്ങളുടെ സുരക്ഷയെക്കുറിച്ചും ഇരുവരും സംസാരിച്ചു.വെടിനിര്‍ത്തലിനായുള്ള പ്രാദേശിക, അന്തര്‍ദേശീയ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഈജിപ്തിന്റെ നിരന്തരമായ ശ്രമങ്ങളെക്കുറിച്ച്‌ പ്രസിഡന്റ് സംസാരിച്ചതായി ഈജിപ്ഷ്യന്‍ പ്രസിഡന്‍ഷ്യല്‍ വക്താവ് അറിയിച്ചു.ഗാസ മുനമ്ബിലെ കര ആക്രമണത്തിന്റെ അനന്തരഫലങ്ങള്‍ വളരെ ഗുരുതരമായിരിക്കും. ഇത് മാനുഷിക സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നും ഈജിപ്ഷ്യന്‍ പ്രസിഡന്റ് ആശങ്ക പ്രകടിപ്പിച്ചു.

അതിനാല്‍ ഇതിനാവശ്യമായ നടപടികള്‍ ഉടന് സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം മോദിയോട് പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ അഭിപ്രായത്തില്‍ ഈ യുദ്ധത്തിന് നയതന്ത്ര തലത്തില്‍ പരിഹാരം കാണണമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സിസി പറഞ്ഞു.ഈ ദിശയില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചാല്‍ വെടിനിര്‍ത്തലിലൂടെ മനുഷ്യ ജീവനുകള്‍ രക്ഷിക്കാനാകും.അക്രമ ബാധിത പ്രദേശങ്ങളില്‍ മനുഷ്യത്വപരമായ സഹായം ഉടനടി തടസ്സമില്ലാതെ എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഈജിപ്തും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലും മികച്ച തന്ത്രപരമായ പങ്കാളിത്തത്തിലും ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി.ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനാണ് തീരുമാനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കിടയില്‍ ഗാസയില്‍ മരിച്ചവരുടെ എണ്ണം 7,650 ആയി ഉയര്‍ന്നതായി ഗാസ മുനമ്ബ് അധികൃതര്‍ അറിയിച്ചു. 19,450 പേര്‍ക്ക് പരിക്കേറ്റതായും ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. മൂന്നാഴ്ച മുമ്ബാണ് ഇസ്രായേല്‍ ഗാസ മുനമ്ബില്‍ ബോംബാക്രമണം തുടങ്ങിയത്. അതേസമയം, ഗാസ മുനമ്ബിലെ വന്‍തോതിലുള്ള കര ആക്രമണം വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് യുഎന്‍ മനുഷ്യാവകാശ ചീഫ് വോള്‍ക്കര്‍ ടര്‍ക്ക് മുന്നറിയിപ്പ് നല്‍കി.ഇതുവരെ നടന്ന എല്ലാ യുദ്ധങ്ങളും നോക്കുമ്ബോള്‍ ഗാസയില്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധം ഏറ്റവും ഭയാനകമാണെന്ന് പറയാന്‍ കഴിയും.കാരണം കരയിലൂടെയുള്ള സൈനിക പ്രവര്‍ത്തനങ്ങള്‍ ഇവിടെ വലിയ തോതില്‍ നടക്കുന്നുണ്ട്.ഇത് വിനാശകരമായ ഫലങ്ങളിലേക്ക് നയിക്കും.ആയിരകണക്കിന് ആളുകളുടെ മരണത്തെ ഞാന്‍ ഭയപ്പെടുന്നു.ഈ യുദ്ധം അവസാനിപ്പിക്കാന്‍ എല്ലാ ശക്തിയും ഉപയോഗിക്കണമെന്നും വോള്‍ക്കര്‍ ആഹ്വാനം ചെയ്തു.

അതേസമയം, ഹമാസിനെതിരായ ഇസ്രയേലിന്റെ സൈനിക ആക്രമണത്തെ തുര്‍ക്കിയും ശക്തമായി അപലപിച്ചു.ഇസ്രയേലി, പലസ്തീന്‍ സേനകള്‍ തമ്മില്‍ ഉടനടി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുകയും മേഖലയില്‍ ശാശ്വത സമാധാനം ഉറപ്പാക്കാന്‍ മുസ്ലീം രാജ്യങ്ങള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്നും തുര്‍ക്കി ആവശ്യപ്പെട്ടു. തുര്‍ക്കിയുടെ പ്രസ്താവനയ്ക്കെതിരെ ഇസ്രായേല്‍ വിദേശകാര്യ മന്ത്രി എലി കോഹന്‍ രംഗത്തെത്തി. തുര്‍ക്കിയുമായുള്ള നയതന്ത്രബന്ധം പുനഃപരിശോധിക്കേണ്ടിവരുമെന്നായിരുന്നു ഇസ്രായേലിന്റെ മറുപടി. തുര്‍ക്കിയിലെ ഇസ്രായേലി നയതന്ത്രജ്ഞരോട് ഇസ്രായേലിലേക്ക് മടങ്ങാന്‍ അദ്ദേഹം ഉത്തരവിട്ടു. ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ഇസ്രായേല്‍ പൗരന്മാരോട് രാജ്യം വിടാന്‍ തുര്‍ക്കി ആവശ്യപ്പെട്ടിരുന്നതിനാല്‍ കഴിഞ്ഞയാഴ്ച ഇസ്രായേല്‍ തുര്‍ക്കിയില്‍ നിന്നുള്ള നയതന്ത്രജ്ഞരെ തിരിച്ചുവിളിച്ചിരുന്നു.നേരത്തെ ഗാസയില്‍ കര വഴിയുള്ള ആക്രമണം ഇസ്രയേല്‍ സൈന്യം കടുപ്പിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തവും പ്രധാനവുമായ കടന്നുകയറ്റമാണ് ഗാസയിലേക്ക് നടക്കുന്നതെന്ന് ഇസ്രയേല്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മറുവശത്ത് ഇസ്രയേല്‍ ആക്രമണങ്ങളോട് പൂര്‍ണ ശക്തിയോടെ പ്രതികരിക്കുമെന്ന് ഹമാസും പറഞ്ഞു.

Hot Topics

Related Articles