ആലപ്പുഴ: വീട്ടിൽനിന്നു സ്വർണാഭരണങ്ങളും മൊബൈലും പണവും മോഷ്ടിച്ച കേസിൽ ഹോംനഴ്സ് പിടിയിലായി. മണ്ണാറശാല തുലാംപറമ്പ് വടക്ക് ആയിശേരിൽ വീട്ടിൽ സാവിത്രിയെയാണ് (48) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജൂണിൽ താമല്ലാക്കൽ വിനു ഭവനത്തിൽ വിനുവിന്റെ വീട്ടിൽ നിന്നു മൂന്നു ജോഡി കമ്മൽ, രണ്ടു മോതിരം, ഒരു ലോക്കറ്റ്, മാലയുടെ ഹുക്ക്, മൊബൈൽ, 3500 രൂപ എന്നിവ നഷ്ടമായിരുന്നു.
2022 മാർച്ച് മുതൽ സെപ്റ്റംബർ വരെ ഏഴുമാസം വിനുവിന്റെ വീട്ടിൽ പ്രതി ജോലിക്കു നിന്നിരുന്നു. ജൂണിലാണ് മോഷണം നടന്നതായി വീട്ടുകാർ അറിയുന്നത്. അന്ന് പൊലീസിൽ പരാതി നൽകിയിരുന്നില്ല. ജനുവരി 11ന് താമല്ലാക്കലിൽ തന്നെയുള്ള മറ്റൊരു വീട്ടിൽ നിന്നു സ്വർണവും പണവും കാണാതായപ്പോൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അവിടെ ജോലി ചെയ്തിരുന്ന സാവിത്രി സ്വർണവും പണവും തിരികെ നൽകിയിരുന്നു. തുടർന്നു വീട്ടുകാർ പരാതി പിൻവലിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ വിവരം അറിഞ്ഞ വിനു കഴിഞ്ഞദിവസം പൊലീസിൽ പരാതി നൽകുകയായിരുന്നു. 10 മാസത്തിനു മുൻപ് നടന്ന മോഷണം ആയതിനാൽ തെളിവുകൾ ലഭിച്ചില്ല. തുടർന്നു ഫിനാൻസ് സ്ഥാപനങ്ങളിൽ പണയംവച്ച സ്വർണാഭരണങ്ങൾ പരിശോധിച്ചപ്പോൾ മോഷണംപോയ മോതിരം കണ്ടത്തിയതാണു പ്രതിയെ പിടികൂടാൻ സഹായമായത്. പ്രതി മുൻപ് ജോലി ചെയ്തിരുന്ന വീടുകൾ സമാനരീതിയിലുള്ള മോഷണം നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഹരിപ്പാട് എസ്എച്ച്ഒ വി.എസ്.ശ്യാംകുമാർ, എസ്ഐ എ.എച്ച്.ഷൈജ, എഎസ്ഐ നിസാർ, സിവിൽ പൊലീസ് ഓഫിസർമാരായ സുരേഷ്, മഞ്ജു, രേഖ, ചിത്തിര, എ.നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.