കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍
കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുമ്പില്‍ ഹര്‍ഷിന നടത്തിയ സമരം അവസാനിപ്പിച്ചു. 104 ദിവസം നീണ്ട സമരമാണ് ഇപ്പോൾ അവസാനിപ്പിച്ചത്. സംഭവത്തിൽ ഡോക്ടർമാരേയും, നേഴ്സുമാരേയും പ്രതി ചേര്‍ത്ത പൊലീസ് നടപടിക്ക് പിന്നാലെയാണ് ഹർഷിന സമരം അവസാനിപ്പിച്ചത്.
സമരം പൂര്‍ണ്ണ വിജയമാണെന്ന് ഹര്‍ഷിന പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ നടപടികളില്‍ അതൃപ്തിയുണ്ടെങ്കിലും പോലീസ് അന്വേഷണത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് സമരം അവസാനിപ്പിക്കാന്‍ ഹര്‍ഷിന തീരുമാനിച്ചത്. നഷ്പപരിഹാരം നല്കുന്ന കാര്യത്തില്‍ ആരോഗ്യ വകുപ്പ് അനുകൂല തീരുമാനമെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹര്‍ഷിനയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ എം സി എച്ചില് പ്രസവ ശസ്ത്രക്രിയക്ക് വിധേയമാക്കിയ സംഘത്തിലെ രണ്ട് ഡോക്ടര്‍മാരേയും രണ്ട് നേഴ്സുമാരേയും പ്രതി ചേര്‍ത്ത് ഇന്നലെയാണ് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന് പിന്നാലെ ഇവരുടെ അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാന്‍ അന്വേഷണ സംഘം നീക്കവും തുടങ്ങി. ഒരാഴ്ചക്കുള്ളില്‍ അന്വേഷണസംഘത്തിന് മുമ്പില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നാലു പ്രതികള്‍ക്കും നോട്ടീസ് നല്കി. പ്രതികള്‍ മുന്‍ കൂര് ജാമ്യത്തിന് ശ്രമം തുടങ്ങിയതായാണ് വിവരം.