തിരുവനന്തപുരം : മഴക്കാലത്ത് ഉണ്ടാകുന്ന പകർച്ചപ്പനികൾക്കെതിരെ ജില്ലാതലത്തിൽ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പനി ക്ലിനിക്കുകൾ ഫലപ്രദമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കണം. മെഡിക്കൽ കോളേജുകളിൽ ആവശ്യകത മുന്നിൽ കണ്ട് പ്രത്യേക വാർഡും ഐസിയുവും സജ്ജമാക്കണം. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ അതീവ ജാഗ്രത പുലർത്തണം. ഫീൽഡ്തല ജാഗ്രതയും ശക്തമാക്കണം.
എവിടെയെങ്കിലും പകർച്ചപ്പനി റിപ്പോർട്ട് ചെയ്താൽ ഉടനടി ജില്ലാതലത്തിൽ റിപ്പോർട്ട് ചെയ്യണം. ഏതെങ്കിലും തരത്തിലുള്ള ഔട്ട്‌ബ്രേക്ക് ഉണ്ടായാൽ ഉടൻ നടപടി സ്വീകരിക്കണം. ജില്ലാതല പ്രവർത്തനം കൃത്യമായി സംസ്ഥാനതലത്തിൽ വിലയിരുത്തി മേൽനടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശം നൽകി. സംസ്ഥാനത്തെ പകർച്ചപ്പനി സാഹചര്യം വിലയിരുത്താൽ കൂടിയ ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആശുപത്രികളിൽ മതിയായ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ ഉണ്ടായിരിക്കണം. മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ എല്ലാ ആശുപത്രികളും മരുന്നിന്റേയും സുരക്ഷാ ഉപകരണങ്ങളുടേയും ടെസ്റ്റ് കിറ്റുകളുടെയും ലഭ്യത ഉറപ്പാക്കണം. ഡോക്‌സിസൈക്ലിൻ, ഒആർഎസ് എന്നിവ അധികമായി കരുതണം. മരുന്ന് സ്റ്റോക്ക് ഇടയ്‌ക്കിടയ്‌ക്ക് വിലയിരുത്തി മുൻകൂട്ടി ബന്ധപ്പെട്ടവരെ അറിയിച്ച് മരുന്ന് ലഭ്യത ഉറപ്പാക്കണം.
തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് കൊതുകുകളുടെ ഉറവിട നശീകരണമുൾപ്പെടെയുള്ള ആരോഗ്യ ജാഗ്രതാ പ്രവർത്തനം പ്ലാൻചെയ്ത് നടപ്പാക്കണം. രോഗം പൊട്ടിപ്പുറപ്പെടുന്ന സ്ഥലങ്ങളിൽ എത്രയും വേഗം ഉറവിട നശീകരണം ഉറപ്പാക്കണം. ചെളിയിലോ വെള്ളത്തിലോ ഇറങ്ങുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം. അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും മന്ത്രി നിർദേശം നൽകി.
ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ, പ്രധാന ആശുപത്രികളിലെ സൂപ്രണ്ടുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.