പത്തനംതിട്ട : ശബരിമലയില്‍ ഭക്തജനത്തിരക്ക് ക്രമാതീതമായതോടെ, തിരക്ക് കുറയ്ക്കാന്‍ പുതിയ നിര്‍ദേശവുമായി പൊലീസ് രംഗത്തെത്തി.
വിര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് കുറയ്ക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. വിര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് പ്രതിദിനം 85,000 പേര്‍വരെയായി ചുരുക്കണം. നിലവില്‍ 1.20 ലക്ഷം പേര്‍ക്ക് വരെ പ്രതിദിനം ബുക്ക് ചെയ്യാവുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നാളെ ഉന്നതതല യോഗം ചേരും. കഴിഞ്ഞ ദിവസം ബുക്ക് ചെയ്തവരായി ഒരു ലക്ഷത്തി അയ്യായിരത്തോളവും ബുക്ക് ചെയ്യാതെ ആറായിരത്തിലേറെ പേരും എത്തിയതായാണ് വിലയിരുത്തല്‍. ഇതാണ് തിരക്ക് അനിയന്ത്രിതമായി വര്‍ധിച്ചതെന്നും പൊലീസ് കണക്കു കൂട്ടുന്നു.
ശബരിമലയില്‍ ഒരു മണിക്കൂറിനിടെ 3500 നും 5000നും ഇടയില്‍ ആളുകള്‍ക്കാണ് സുഗമമായി ദര്‍ശനത്തിന് സാധ്യതയുള്ളത് ഇപ്രകാരം പരമാവധി 75,000 നും 85,000 നും ഇടയില്‍ ആളുകള്‍ക്ക് ഒരു ദിവസം ദര്‍ശനം സാധ്യമാകും. 85,000 ന് മുകളിലേക്ക് പോയാല്‍ ഭക്തരുടെ ക്യൂ ശരംകുത്തിയും പിന്നിട്ട് മരക്കൂട്ടത്തേക്ക് നീളും. ഒരു ലക്ഷത്തിന് മുകളിലേക്ക് പോയാല്‍ അപ്പാച്ചിമേട് വരെ ക്യൂ നീളുന്ന സാഹചര്യം ഉണ്ടാകുമെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
ഇതോടെ പമ്പയിലും നിലയിക്കലും മാത്രമല്ല എരുമേലിയില്‍ വരെ ഗതാഗതനിയന്ത്രണത്തിന് കാരണമാകും. ഇത് അയ്യപ്പ ഭക്തരുടെ മാത്രമല്ല, മറ്റു വാഹന ഗതാഗതത്തെയും ബാധിക്കുന്ന സ്ഥിതി വരുമെന്നും പൊലീസ് സൂചിപ്പിക്കുന്നു. ഇനിയുള്ള ദിവസങ്ങളില്‍ തിരക്ക് കൂടാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പൊലീസ് പുതിയ നിര്‍ദേശം മുന്നോട്ടുവെക്കുന്നത്.