കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. ഹേമ കമ്മിറ്റി മുൻപാകെ പരാതിക്കാരുടെ വെളിപ്പെടുത്തൽ എന്ന നിലയിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അത്തരം റിപ്പോർട്ടുകൾ നീതി നിർവ്വഹണത്തെ തടസപ്പെടുത്തുന്നതായി കണക്കാക്കുമെന്നാണ് മുന്നറിയിപ്പ്.
അന്വേഷണ പുരോഗതി അറിയാൻ ശ്രമിക്കുന്ന മാധ്യമങ്ങൾക്ക് പ്രത്യേക സംഘം പൊതുവായ മുന്നറിയിപ്പ് നൽകണമെന്നും മുന്നറിയിപ്പ് അവഗണിച്ച് മാധ്യമങ്ങൾ ബന്ധപ്പെട്ടാൽ തെളിവ് സഹിതം കോടതിയെ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്കി. പ്രത്യേക അന്വേഷണ സംഘത്തിനാണ് ഹൈക്കോടതിയുടെ നിർദേശം. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട വാർത്തകൾ കോടതി ഉത്തരവിന് വിരുദ്ധമായി റിപ്പോർട്ട് ചെയ്താൽ ഗൗരവമായി കാണുമെന്നും ഹൈക്കോടതി അറിയിച്ചു.