കൊച്ചി : പാലാരിവട്ടം-വൈറ്റില ബൈപ്പാസില്‍ ചളിക്കവട്ടത്ത് കെ.എസ്.ആർ.ടി.സി. ബസുകള്‍ക്കിടയില്‍ പെട്ട് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. ആളെക്കയറ്റാൻ നിർത്തിയിട്ടിരുന്ന വേണാട് ബസിനു പിന്നില്‍ കെ.എസ്.ആർ.ടി.സി.യുടെ ദീർഘദൂര ആഡംബര ബസ് നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. ഈ രണ്ടു ബസുകള്ക്കുമിടയില്പ്പെട്ടാണ് ബൈക്കിലുണ്ടായിരുന്ന യുവാക്കള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്. ആലുവ മുട്ടം തൈക്കാവ് റെയില്‍വേ ലെയ്നിനു സമീപം പുത്തൻചിറ വീട്ടില്‍ പീറ്ററിന്റെ മകൻ റോബിൻ (29), കുന്നത്തേരി തൈക്കാവിനു സമീപം കിടങ്ങേത്ത് വീട്ടില്‍ സിറാജിന്റെ മകൻ മുഹമ്മദ് സജാദ് (22) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു അപകടം.
സുഹൃത്തുക്കളായ ഇരുവരും എളംകുളത്തെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്നവരാണ്. പാലാരിവട്ടം ഭാഗത്തുനിന്ന് വൈറ്റിലയ്ക്ക് പോകുകയായിരുന്നു ബസുകളും ബൈക്കും. മുന്നില്‍ പോയ ചേർത്തല കെ.എസ്.ആർ.ടി.സി. ബസ് യാത്രക്കാരെ കയറ്റാൻ ചളിക്കവട്ടം സ്റ്റോപ്പില്‍ നിർത്തി. പിന്നാലെ വന്ന യുവാക്കള്‍ ബൈക്ക് നിർത്തിയ ശേഷം പിന്നീട് മുന്നോട്ട് എടുക്കാൻ ശ്രമിക്കുന്നതിനിടെ ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. ആഡംബര ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. വേണാടിനും സ്കാനിയ ബസിനും ഇടയില്‍പ്പെട്ട് യുവാക്കള്‍ തത്ക്ഷണം മരിച്ചു. ബൈക്ക് പൂർണമായി തകർന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടിച്ച ബസിന്റെ മുൻവശത്ത് കുടുങ്ങിയ യുവാക്കളുടെ മൃതശരീരം അഗ്നിരക്ഷാസേനയെത്തി മുൻഭാഗം വെട്ടി പ്പൊളിച്ചാണ് പുറത്തെടുത്തത്. വേണാട് ബസിന്റെ പിൻവശവും തകർന്നു. രണ്ടു ബസിലുമുള്ള പരിക്കേറ്റ യാത്രക്കാർ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നാലെ വന്ന ബസ് നിയന്ത്രണം വിട്ട് മുന്നില്‍ നിർത്തിയിട്ടിരുന്ന ബസിന്റെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സൗദയാണ് മരിച്ച മുഹമ്മദ് സജാദിന്റെ അമ്മ. സഹോദരി: ഷെറീന. ഖബറടക്കം കുന്നത്തേരി ജുമാഅത്ത് പള്ളി ഖബർസ്ഥാനില്‍ നടത്തി.