തൊടുപുഴ: ഹൈക്കോടതി വിധി കാറ്റിൽ പറത്തിയുള്ള സിപിഎം ഏരിയ കമ്മറ്റി ഓഫീസ് നിർമാണ പ്രവർത്തികൾ നിർത്തി വെയ്ക്കാൻ റവന്യു വകുപ്പ് നോട്ടീസ് നൽകി. ഉടുമ്പൻചോല എൽ ആർ തഹസിൽദാർ ആണ് നോട്ടീസ് നൽകിയത്. കോടതി ഉത്തരവിനെ തുടർന്ന് കളക്ടറുടെ നിർദേശ പ്രകാരമാണ് നടപടി. നോട്ടീസ് കിട്ടയതോടെ സിപിഎം പണികൾ നിർത്തിവെച്ചു.
കോടതി ഉത്തരവ് നിലനിൽക്ക ഇന്നലെ രാത്രിയും നിർമ്മാണ പ്രവർത്തനങ്ങൾ തുടർന്നിരുന്നു. ഇതിൽ കോടതി രോഷം പ്രകടിപ്പിച്ചിരുന്നു. ഇന്ന് വീണ്ടും കേസ് പരിഗണിക്കും. 12 മണിയ്ക്ക് ഹാജരാകാൻ സർക്കാർ അഭിഭാഷകന് നിർദ്ദേശം നൽകിയിട്ടുണ്ട്. കോടതി ഉത്തരവ് വന്നിട്ടും നിർമ്മാണം തുടർന്നെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുലർച്ചെ നാലു മണി വരെ ഓഫീസിന്റെ പണികൾ തുടർന്നിരുന്നു. രണ്ടാമത്തെ നിലയിൽ ഓഫീസ് പ്രവർത്തനം തുടങ്ങുന്നതിനായി കതകുകളും ജനുലുകളും സ്ഥാപിച്ചിട്ടുണ്ട്. ഇരുപതോളം തൊഴിലാളികളെ എത്തിച്ചായിരുന്നു പണികൾ നടത്തിയത്. പാർട്ടി പ്രവർത്തകരും നേതാക്കളും സ്ഥലത്തുണ്ടായിരുന്നു.
എന്നാൽ നിർമ്മാണ പ്രവർത്തികളിൽ പ്രതികരണവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് രംഗത്തെത്തി. നിരോധന ഉത്തരവ് കയ്യിൽ കിട്ടിയിട്ടില്ലെന്നും നിയമപരമായി നേരിടുമെന്നുമായിരുന്നു സിവി വർഗീസിൻ്റെ പ്രതികരണം. കോടതി ഉത്തരവോ പണി നിർത്തി വയ്ക്കാൻ കലക്ടറുടെ ഉത്തരവോ കയ്യിൽ കിട്ടിയിട്ടില്ല. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കോടതി ഉത്തരവ് വന്നിട്ടുള്ളത്. ഭൂനിയമ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ ഇത്തരം നിർമാണങ്ങൾ എല്ലാം സാധൂകരിക്കപ്പെടും. റോഡ് വികസനത്തിന് ഓഫീസ് പൊളിച്ചു കൊടുത്തിട്ടുള്ള പാർട്ടിയാണ് സിപിഎം എന്നും സി വി വർഗീസ് പറഞ്ഞിരുന്നു.