പത്തനംതിട്ട: തിരുപ്പിറവിയുടെ പ്രതീകമായി പുല്‍ക്കൂടൊരുക്കി നാടാകെ കാത്തിരിക്കുമ്പോള്‍ സീതത്തോട്ടിലെ ഭവന രഹിതനായ രാമചന്ദ്രന് വീടൊരുക്കി നല്കി കോന്നി എംഎല്‍എ അഡ്വ. കെ.യു. ജനീഷ് കുമാര്‍. കോന്നി നിയോജക മണ്ഡലം കേന്ദ്രീകരിച്ച് എംഎല്‍എയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കരുതല്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സീതത്തോട് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ വാലുപാറ ഉറുമ്പിനിയില്‍ വാലുപറമ്പില്‍ വീട്ടില്‍ രാമചന്ദ്രനും കുടുംബത്തിനും പുതിയ വീടു നിര്‍മിച്ചു നല്കിയത്.
നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചത്. രാമചന്ദ്രനും ഭാര്യയും മകളും അടങ്ങുന്നതാണ് കുടുംബം. മനോദൗര്‍ബല്യം അനുഭവിക്കുന്ന രാമചന്ദ്രന് അടച്ചുറപ്പുള്ള വീട് നിര്‍മിച്ചു നല്കേണ്ടത് സമൂഹത്തിന്റെ അടിയന്തിര കടമയാണെന്നു തിരിച്ചറിഞ്ഞാണ് കരുതല്‍ പദ്ധതിയുടെ ഭാഗമായി ഈ കുടുംബത്തെ തെരഞ്ഞെടുത്തത്.
നല്ല മനസുണ്ടെങ്കില്‍ മാത്രമേ ഇത്തരം മഹത്തായ കര്‍മങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയൂ എന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. മാതൃകാപരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ജനപ്രതിനിധികള്‍ക്കൊപ്പം സമൂഹം ഒന്നാകെ അണിനിരക്കണം. എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ ബഹു ദൂരം മുന്നേറിയതായും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
സുമനസുകളായ വ്യക്തികളുടെയും, സംഘടനകളുടെയും, സ്ഥാപനങ്ങളുടെയും സഹായത്തോടെ കോന്നി നിയോജക മണ്ഡലത്തിലെ ഏറ്റവും അര്‍ഹരായവര്‍ക്ക് വേഗത്തില്‍ വീടു നിര്‍മിച്ചു നല്കുന്നതാണ് എംഎല്‍എയുടെ കരുതല്‍ ഭവന പദ്ധതി. പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ആദ്യ വീടിന്റെ താക്കോല്‍ദാനമാണ് നടന്നത്. പദ്ധതിയിലേക്ക് ഇതിനോടകം തന്നെ നിരവധി കുടുംബങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. കലഞ്ഞൂര്‍, വള്ളിക്കോട് പഞ്ചായത്തുകളില്‍ വീടു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തില്‍ നൂറില്‍ കുറയാത്ത വീടുകള്‍ നിര്‍മിച്ചു നല്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
രണ്ട് കിടപ്പുമുറികളും, ഹാളും, വരാന്തയും, അടുക്കളയുമെല്ലാം അടങ്ങിയ മനോഹരമായ വീടാണ് രാമചന്ദ്രന്റെ കുടുംബത്തിന് നിര്‍മിച്ചു നല്കുന്നത്. എട്ടു ലക്ഷം രൂപയാണ് വീടു നിര്‍മാണത്തിന് ചെലവഴിച്ചത്. യു.കെ.മലയാളി അസോസിയേഷനാണ് വീട് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. എംഎച്ച് കണ്‍സ്ട്രക്ഷന്‍ ആണ് നിര്‍മാണം നടത്തിയത്.
സര്‍ക്കാര്‍ ഭവന പദ്ധതിയായ ലൈഫില്‍ തെരഞ്ഞെടുക്കപ്പെടാന്‍ നിയമപരമായ തടസങ്ങളുള്ള കുടുംബങ്ങളെ സഹായിക്കുക എന്ന ലക്ഷ്യവും കരുതല്‍ പദ്ധതിക്ക് ഉണ്ടെന്ന് എംഎല്‍എ പറഞ്ഞു. അടച്ചുറപ്പുള്ള വീട് എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലെത്താന്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും എംഎല്‍എ പറഞ്ഞു.
ചടങ്ങില്‍ അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി. ടി. ഈശോ, ജില്ലാ പഞ്ചായത്തംഗം ലേഖ സുരേഷ്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.ആര്‍.പ്രമോദ്, അഡീഷണല്‍ ഗവ. പ്ലീഡര്‍ അഡ്വ. എസ്.മനോജ്, യു.കെ. മലയാളി അസോസിയേഷന്‍ പ്രതിനിധികളായ അജി ഗംഗാധരന്‍, അജയന്‍ പിള്ള, കരുതല്‍ ഭവന നിര്‍മാണ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് ആക്ലേത്ത്, ജിന്‍സ്. കെ. ഉമ്മന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.