തൃശ്ശൂര്‍ കുന്നംകുളത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. വീട്ടിലുണ്ടായിരുന്ന 80 പവനോളം സ്വർണം മോഷണം പോയി. കുന്നംകുളം – തൃശ്ശൂർ റോഡിലെ ശാസ്ത്രജീനഗറിലെ രാജന്റെ വീട്ടിലാണ് കവർച്ച നടന്നത്.
ഇന്ന് രാവിലെ 10 മണിയോടെ രാജന്റെ ഭാര്യ ദേവി വീടുപൂട്ടി കല്യാണത്തിന് പോയിരുന്നു. തിരിച്ച് മൂന്നരയോടെ വീട്ടിൽ വന്ന സമയത്താണ് വീട്ടിലെ അലമാരയിൽ സൂക്ഷിച്ച വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാരിവലിച്ചിട്ട നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടപ്പെട്ടതായി അറിയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീടിന്റെ മുകളിലത്തെ നിലയിലെ വാതിൽ തള്ളി തുറന്നാണ് കള്ളൻ അകത്ത് കയറിയതെന്ന് പോലീസ് പറഞ്ഞു. രാജന്റെ ഭാര്യയും എൽഐസി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ 54 വയസ്സുള്ള ദേവി തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്. ഭർത്താവ് രാജന് ജോലിയുമായി ബന്ധപ്പെട്ട് എത്യോപ്യയിലാണ്. കുന്നംകുളം പോലീസും, വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ച് മോഷ്ടാവിനായുള്ള അന്വേഷണം ആരംഭിച്ചു.