വേദന നിറഞ്ഞ ഓര്‍മ്മകളില്ലാത്ത മനുഷ്യരില്ല. അതിനെ വേഗത്തില്‍ മറികടക്കുന്നവരും ഓര്‍ത്തോര്‍ത്ത് സങ്കടപ്പെടുന്നവരും ധാരളാം. എന്നാല്‍ രണ്ടാമത്തെ വിഭാഗത്തിനെ കാത്തിരിക്കുന്നത് മാനസിക- ശാരീരിക അനാരോഗ്യമാണ്. ഓര്‍മകളെ പരിപാലിക്കുന്നതനുസരിച്ച് അവ ശക്തമായി ഉപബോധമനസ്സില്‍ നിലകൊള്ളും. പലതവണ ആവര്‍ത്തിക്കുമ്പോള്‍ അത് ഉപബോധമനസ്സില്‍ ഉറയ്ക്കുന്നു, ഇത് ചിന്തയാകും. വേദനിപ്പിക്കുന്ന ഓര്‍മകള്‍ വരുന്ന സമയത്ത് അത് തുടരാന്‍ അനുവദിക്കാതെ ബോധപൂര്‍വം തടയുക. ഇത് പലതവണ ആവര്‍ത്തിക്കുമ്പോള്‍ അവ ഓര്‍ക്കാതിരിക്കാന്‍ മസ്തിഷ്‌കം തന്നെ പ്രാപ്തമാകുന്നു.
ചില കാഴ്ചകള്‍, ശബ്ദങ്ങള്‍, സംഭവങ്ങള്‍, വ്യക്തികള്‍, വാക്കുകള്‍ എന്നിവ മോശം ഓര്‍മകളെ ഉണര്‍ത്താം. ജീവിതവുമായി ബന്ധപ്പെട്ട നിഷേധാത്മക ഓര്‍മകള്‍ ഉണര്‍ത്തുന്ന ഉദ്ദീപനങ്ങളെ തിരിച്ചറിഞ്ഞ് അവയെ അവഗണിക്കുക. ഒപ്പം നിങ്ങളുടെ ജീവിതത്തിലെ പ്രസാദാത്മക അനുഭവങ്ങളുമായി ഇവയെ ബന്ധിപ്പിക്കുക. വേദനിപ്പിക്കുന്ന അനുഭവം ഒരു സൈക്കോ തെറാപ്പിസ്റ്റുമായോ പ്രിയപ്പെട്ടവരുമായോ വിശദമായി പങ്കുവെക്കുക. ആഴ്ചയില്‍ ഒന്നോരണ്ടോ പ്രാവശ്യം ഇങ്ങനെ ചെയ്യുന്നത് മനസ്സിലെ ഭാരങ്ങള്‍ കുറയ്ക്കാന്‍ സഹായകമാകും. വേദനിപ്പിക്കുന്ന അനുഭവം വിശദമായി ഒരു പേപ്പറില്‍ എഴുതിയശേഷം അത് പലതവണ വായിക്കുക. ഓര്‍മകള്‍ ആവര്‍ത്തിച്ച് പുനരാവിഷ്‌കരിക്കുന്നത് വികാര വിക്ഷുബ്ധത കുറയ്ക്കാന്‍ സഹായിക്കും. ഇവിടെ ഓര്‍മയെ ഇല്ലാതാക്കുകയല്ല മറിച്ച് അതുണ്ടാക്കുന്ന വേദനയെ കുറയ്ക്കുകയാണ് ചെയ്യുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു തെറ്റായ ചിന്ത, അറിവ്, ഓര്‍മ, ശീലം എന്നിവ നമ്മുടെ ഉപബോധമനസ്സില്‍ ആഴത്തില്‍ പതിഞ്ഞാല്‍ നാം അതുതന്നെ തുടര്‍ന്നുകൊണ്ട് പ്രയാസങ്ങള്‍ അനുഭവിക്കുന്നു. എന്നാല്‍ ഉത്കണ്ഠയുണ്ടാക്കുന്ന ഈ ചിന്തയെ ഉപബോധ മനസ്സില്‍ നിന്ന് നീക്കാന്‍ പറ്റും. അതിനാദ്യം വേണ്ടത് ഇത്തരമൊരു തെറ്റായ ചിന്ത/ഓര്‍മ/ശീലം നിങ്ങളെ ഭരിക്കുന്നുണ്ടെന്ന തിരിച്ചറിവാണ്. ബോധപൂര്‍വം ശ്രമിച്ചാല്‍ മാറ്റിയെടുക്കാവുന്നതേയുള്ളൂ ഈ പ്രശ്‌നം.
ഓര്‍മ്മകളെ വിശകലനംചെയ്ത് മോശമായ ചിന്തകളെ വേര്‍തിരിച്ചെടുക്കാന്‍ അറിയണം. ഇതിനായി നടുവുനിവര്‍ത്തി ശാന്തമായിരിക്കുക. ഏതാനും തവണ ദീര്‍ഘനിശ്വാസമെടുത്തശേഷം നിങ്ങളുടെ ചിന്തകളെ നിരീക്ഷിക്കുക. മോശം ചിന്തകളെ/ഓര്‍മകളെ തിരിച്ചറിയാന്‍ ഇത് സഹായിക്കും. ചിന്തകള്‍ ഏതൊക്കെ വികാരങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് മനസ്സിലാക്കുമ്പോള്‍ ഇവയിലെ മോശമായ ചിന്തകളെ തിരിച്ചറിഞ്ഞ് അവയുടെ സ്വാധീനം കുറയ്ക്കാം.
ആശങ്കപ്പെടുത്തുന്ന ഓര്‍മകള്‍ മനസിലേക്ക് വന്നാല്‍ അതിനെ നേരിടാന്‍ സ്വയം പരിശീലിപ്പിക്കാവുന്നതാണ്. എക്സ്പോഷര്‍ തെറാപ്പിയെന്ന് ഇതിനെ വിളിക്കാം. ഒരിടത്ത് ശാന്തമായിരിക്കുക. ഉത്കണ്ഠ ജനിപ്പിക്കുന്ന ഓരോ കാര്യവും മനസ്സിലേക്ക് കൊണ്ടുവരിക. അപ്പോഴുണ്ടാകുന്ന വികാരങ്ങളെ അനുഭവിക്കുക. ഇടക്കിടെ ഇതാവര്‍ത്തിക്കുമ്പോള്‍ നിങ്ങളെ ദുര്‍ബലപ്പെടുത്തിയിരുന്ന വികാരങ്ങള്‍ സ്വയം ദുര്‍ബലപ്പെടുന്നത് അനുഭവിച്ചറിയാം.