ബ്രിസ്ബെയ്ൻ: ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ 6 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 187 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയക്ക് 20 ഓവറില്‍ 180 റണ്‍സ് എടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റും നഷ്ടമായി.
മുഹമ്മദ് ഷാമിയുടെ തകര്‍പ്പന്‍ ഡെത്ത് ഓവറിലാണ് ഇന്ത്യ മത്സരത്തില്‍ വിജയം കുറിച്ചത്. അവസാന ഓവറില്‍ 11 റണ്‍സ് വേണമെന്നിരിക്കെ ബൗള്‍ ചെയ്യാനെത്തിയ ഷാമി നാല് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.54 പന്തില്‍ 7 ഫോറും 3 സിക്സും ഉള്‍പ്പടെ 76 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും 18 പന്തില്‍ 35 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷും മാത്രമാണ് ഓസ്ട്രേലിയന്‍ നിരയില്‍ തിളങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി ഷാമി മൂന്ന് വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റും നേടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 33 പന്തില്‍ 6 ഫോറും 3 സിക്സും അടക്കം 57 റണ്‍സ് നേടിയ കെ എല്‍ രാഹുല്‍, 33 പന്തില്‍ 6 ഫോറും ഒരു സിക്സും അടക്കം 50 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവ് എന്നിവരുടെ മികവിലാണ് മികച്ച സ്കോര്‍ നേടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 15 റണ്‍സ് നേടി പുറത്തായപ്പോള്‍ കോഹ്ലി 19 റണ്‍സ് നേടി പുറത്തായി.
ഓസ്ട്രേലിയക്ക് വേണ്ടി കെയ്ന്‍ റിച്ചാര്‍ഡ്സന്‍ നാലോവറില്‍ 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.ഒക്ടോബര്‍ 19 ന് ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത സന്നാഹ മത്സരം. ഒക്ടോബര്‍ 23 ന് പാകിസ്ഥാനെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം