ദില്ലി: ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് ഫലം പുരോഗമിക്കുന്നതിനിടെ പ്രതികരണവുമായി കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകളും പിഡിപി സ്ഥാനാർത്ഥിയുമായ ഇല്‍ത്തിജ മുഫ്തി. ഫലം പകുതി റൗണ്ട് പിന്നിടുമ്പോഴും ഇല്‍ത്തിജ മുഫ്തി പിന്നിലാണ്. ഇതിനിടയില്‍ ജനവിധി എന്തായാലും അംഗീകരിക്കുന്നുവെന്ന് ഇല്‍ത്തിജ മുഫ്തി പറഞ്ഞു. സാമൂഹ്യ മാധ്യമമായ എക്സിലാണ് തോല്‍വി അംഗീകരിക്കുന്നുവെന്ന പരോക്ഷ സൂചനയുമായി ഇല്‍ത്തിജയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.
ജമ്മു കശ്മീരില്‍ ബിജ്ബിഹേര മണ്ഡലത്തിലാണ് ഇല്‍ത്തിജ മുഫ്തി മത്സരിച്ചത്. ‘ജനവിധി അംഗീകരിക്കുന്നു. ബിജ്ബിഹേരയിലെ എല്ലാവരില്‍ നിന്നും എനിക്ക് ലഭിച്ച സ്നേഹവും വാത്സല്യവും എപ്പോഴും തന്നോടൊപ്പം ഉണ്ടായിരിക്കും. പ്രതിസന്ധി നിറഞ്ഞ പ്രചാരണങ്ങള്‍ക്കിടയിലും തനിക്കൊപ്പം നില കൊണ്ട പിഡിപി പ്രവർത്തകരോട് നന്ദി പറയുന്നു’- ഇല്‍ത്തിജ പറഞ്ഞു. നാഷണല്‍ കോണ്‍ഫറൻസിൻ്റെ (എൻസി) ബഷീർ അഹമ്മദ് ഷാ വീരിയാണ് നിലവില്‍ ഈ മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്. സോഫി യൂസഫാണ് ഈ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി. നേരത്തെ, പാർട്ടിയിലേക്കുള്ള തന്റെ വരവും സ്ഥാനാർത്ഥിത്വവും കുടുംബാധിപത്യമായി വ്യാഖ്യാനിക്കേണ്ടെന്നും ഉത്തരവാദിത്തം ഏറ്റെടുത്തത് പാർട്ടി ഏറെ തിരിച്ചടി നേരിടുന്ന സമയത്താണെന്നും ഇത്തിജ മുഫ്തി പ്രതികരിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കശ്മീരി സ്ത്രീകളുടെ പ്രതിനിധിയായാണ് അമ്മ മെഹബൂബ മുഫ്തി രാഷ്ട്രീയത്തിലെത്തിയതെന്നും അവര്‍ ഇത്തവണ മത്സരിക്കാത്തത് പ്രത്യേക പദവി എടുത്തു കളഞ്ഞതിലുള്ള പ്രതിഷേധ സൂചകമായിട്ടാണെന്നും ഇല്‍ത്തിജ മുഫ്തി പറഞ്ഞു. തന്റെ അമ്മയും താനും വരുന്നത് വെല്ലുവിളി നിറഞ്ഞ വഴിയിലൂടെയാണ് കടന്നുവന്നിട്ടുള്ളത്. മുഖ്യമന്ത്രിയായിരുന്നയാള്‍ മുൻസിപ്പാലിറ്റി മേയറാകാനില്ല. ഇന്ത്യൻ മുസ്ലീങ്ങളുടെ സുരക്ഷയ്ക്കാണ് ബിജെപിയുമായി കഴിഞ്ഞ തവണ കൈകോർത്തത്. എന്നാല്‍, നരേന്ദ്ര മോദിയുമായി ചേർന്നു പോകാനാവില്ലെന്ന് പിന്നീട് മനസിലായി. മുത്തച്ഛൻ അന്നെടുത്ത തീരുമാനം തെറ്റാണെന്ന് പറയാനാവില്ലെന്നും ഇല്‍ത്തിജ മുഫ്തി പറഞ്ഞു.