രാജ്കോട്ട് : ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ഏകദിനം നാളെ രാജ്കോട്ടില്‍ നടക്കും. ക്യാപ്റ്റൻ രോഹിത് ശര്‍മ്മയും വിരാട് കോലിയും ടീമില്‍ തിരിച്ചെത്തും.ആദ്യരണ്ട് കളിയും ആധികാരികമായി ജയിച്ച ആത്മവിശ്വാസത്തോടെ ഇറങ്ങുന്ന ഇന്ത്യ പരമ്പര തൂത്തുവാരി ലോകകപ്പിന് ആത്മവിശ്വാസത്തോടെ ഇറങ്ങാനാണ് ലക്ഷ്യമിടുന്നത്. അതേസമയം, ലോകകപ്പിന് മുൻപ് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ആശ്വാസ ജയത്തിനായിരിക്കും ഓസ്ട്രേലിയ ശ്രമിക്കുക. മൊഹാലിയില്‍ അഞ്ച് വിക്കറ്റിനും ഇൻഡോറില്‍ 99 റണ്‍സിനും ആയിരുന്നു ഇന്ത്യയുടെ വിജയം.
ഈ മത്സരങ്ങളില്‍ വിശ്രമം അനുവദിച്ച ക്യാപ്റ്റൻ രോഹിത് ശര്‍മ്മയും വിരാട് കോലിയും ടീമില്‍ തിരിച്ചെത്തും.രണ്ടാം മത്സരത്തില്‍ കളിക്കാതിരുന്ന ജസ്പ്രീത് ബുമ്രയും വൈസ് ക്യാപ്റ്റൻ ഹാര്‍ദിക് പണ്ഡ്യയും ടീമില്‍ തിരിച്ചെത്തിയേക്കും.വിശ്രമം അനുവദിച്ച ഓപ്പണര്‍ ശുഭ്മാൻ ഗില്ലും ഓള്‍റൗണ്ടര്‍ ഷാര്‍ദുല്‍ താക്കൂറൂം നാളെ കളിക്കില്ല. ഇൻഡോറില്‍ നിന്ന് നാട്ടിലേക്ക് പോയ ഇരുവരും ഗുവാഹത്തിയില്‍ 30ന് ഇംഗ്ലണ്ടിനെിരെ നടക്കുന്ന ഇന്ത്യയുടെ ലോകകപ്പ് സന്നാഹ മത്സരത്തിലാവും ടീമിനൊപ്പം ചേരുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിന്‍റെ നായകനായ റുതുരാജ് ഗെയ്ക്‌വാദിനെയും ബുമ്രയുടെ പകരക്കാരനായി ടീമിനൊപ്പം ഉണ്ടായിരുന്ന മുകേഷ് കുമാറിനെയും മൂന്നാം ഏകദിനത്തിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കി. ഏഷ്യാ കപ്പിനിടെ പരിക്കേറ്റ സ്പിന്‍ ഓള്‍ റൗണ്ടര്‍ അക്സര്‍ പട്ടേല്‍ നാളെയും കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. അക്സറിന് പകരം ടീമിലെത്തിയ ആര്‍ അശ്വിൻ രണ്ട് കളിയില്‍ നാല് വിക്കറ്റ് വീഴ്ത്തിയതിനാല്‍ നാളത്തെ മത്സരത്തിലും അശ്വിന് തന്നെയാവും അവസരം.