ചെന്നൈ: പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയതിന് പിന്നാലെ ഉത്തരവാദിത്ത ബോധത്തോടെയാണ് ഓസ്ട്രേലിയക്കെതിരെ വിരാട് കോലി ബാറ്റ് ചെയ്തതെന്ന് ഇന്ത്യയുടെ മുന്‍ താരം സുരേഷ് റെയ്ന. ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കങ്കാരുപ്പടയെ ആറ് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. 200 റണ്‍സ് വിജയലക്ഷ്യം വിരാട് കോലിയുടെയും കെഎല്‍ രാഹുലിന്റെയും അര്‍ധസെഞ്ച്വറികളുടെ കരുത്തില്‍ 52 പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.
സ്റ്റാര്‍ക്ക് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഇഷാന് കിഷനെ നഷ്ടപ്പെട്ടതോടെ മൂന്നാമനായിട്ടാണ് വിരാട് കോലി ക്രീസിലേക്ക് എത്തിയത്. കരുതലോടെയാണ് താരം മത്സരത്തില്‍ ഇന്ത്യയ്ക്കായി ബാറ്റ് വീശിയത്. വ്യക്തിഗത സ്കോര്‍ 12ല്‍ നില്‍ക്കെ ജോഷ് ഹെയ്സല്വുഡിനെതിരെ പുള്‍ഷോട്ട് കളിക്കാന്‍ വിരാട് കോലി ശ്രമിച്ചിരുന്നു. കോലിക്ക് ടൈമിങ് പിഴച്ചതോടെ ബാറ്റില്‍ എഡ്ജായ പന്ത് വായുവിലേക്ക് ഉയര്‍ന്നു. ഈ സമയം മിഡ് വിക്കറ്റില്‍ നിന്നും ഓടിയെത്തിയ മിച്ചല്‍ മാര്‍ഷിന് പന്ത് കൃത്യമായി കൈപ്പിടിയിലൊതുക്കാന്‍ സാധിച്ചില്ല. ഇതോടെ കോലിക്ക് മത്സരത്തില്‍ ഒരു ലൈഫ് ലഭിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലഭിച്ച അവസരം മുതലെടുത്ത് റണ്‍സ് സ്കോര്‍ ചെയ്ത വിരാട് കോലി ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. 116 പന്ത് നേരിട്ട വിരാട് കോലി ഓസ്ട്രേലിയക്കെതിരെ 85 റണ്‍സ് നേടിയാണ് പുറത്തായത്. തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയ്ക്കായി കെഎല്‍ രാഹുലിനെ കൂട്ടുപിടിച്ച് നാലാം വിക്കറ്റില്‍ 165 റണ്‍സായിരുന്നു വിരാട് കോലി കൂട്ടിച്ചേര്‍ത്തത്. മാര്‍ഷ് നഷ്ടപ്പെടുത്തിയ വിരാട് കോലിയുടെ ക്യാച്ചാണ് മത്സരത്തിന്റെ ഗതി മാറ്റിയതെന്ന് സുരേഷ് റെയ്ന ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.
മിച്ചല്‍ മാര്‍ഷ് വിരാട് കോലിയുടെ ക്യാച്ച് നഷ്ടപ്പെടുത്തിയതായിരുന്നു ഈ മത്സരത്തിന്റെ വഴിത്തിരിവ്. ആ സംഭവത്തിന് ശേഷം സമയമെടുത്തായിരുന്നു വിരാട് കോലി കളിച്ചത്. ഉത്തരവാദിത്തം എല്ലാം ഏറ്റെടുത്തുകൊണ്ടായിരുന്നു പിന്നീട് കോലി ബാറ്റ് വീശിയത്’ സുരേഷ് റെയ്ന പറഞ്ഞു.