മൊഹാലി : മുൻ നായകൻ വിരാട് കൊഹ്ലി ടെസ്റ്റ് കരിയറിലെ നാഴികക്കല്ല് പിന്നിടാൻ ഇന്ന് മൊഹാലിയിൽ ശ്രീലങ്കയ്ക്ക് എതിരായ രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിനിറങ്ങുന്നു.അതേസമയം രോഹിത് ശർമ്മ സ്ഥിരം ടെസ്റ്റ് നായകനായി അരങ്ങേറ്റം കുറിക്കുന്ന മത്സരം കൂടിയാണിത്. ഈ സുവർണനിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ മൊഹാലി സ്റ്റേഡിയത്തിൽ പകുതി കാണികളെ പ്രവേശിപ്പിക്കാൻ അധികൃതർ അനുവാദം നൽകിയിട്ടുണ്ട്.
ടെസ്റ്റിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന 71-ാമത്തെ താരമെന്ന റെക്കാഡ് സ്വന്തമാക്കാനാണ് വിരാട് ഇന്നിറങ്ങുന്നത്. 100 ക്‌ളബിലെത്തുന്ന 12-ാമത്തെ ഇന്ത്യക്കാരനുമാകും വിരാട്. ഏറെനാളായി ടെസ്റ്റിൽ സെഞ്ച്വറി തികയ്ക്കാൻ കഴിയാതിരിക്കുന്ന വിരാട് ശ്രീലങ്കയ്ക്ക് എതിരെ സെഞ്ച്വറി നേടിയാൽ ഇന്റർനാഷണൽ ക്രിക്കറ്റിലെ 71-ാമത് സെഞ്ച്വറിക്കും ഉടമയാകും. ശ്രീലങ്കയ്ക്ക് എതിരെ കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഫോം തിരിച്ചുപിടിക്കാൻ വിരാട് ഇറങ്ങുന്നത്. ലങ്കയ്ക്ക് എതിരായ കഴിഞ്ഞ നാല് ടെസ്റ്റ് ഇന്നിംഗ്‌സുകളിൽ രണ്ട് ഇരട്ട സെഞ്ച്വറികളും ഒരു സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയുമടക്കം 610 റൺസ് വിരാട് അടിച്ചുകൂട്ടിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലിമിറ്റഡ് ഓവർ ഫോർമാറ്റിലെ മൂന്ന് തുടർ പരമ്പര വിജയങ്ങൾക്ക് ശേഷമാണ് രോഹിത് നയിക്കുന്ന ഇന്ത്യൻ ടീം ടെസ്റ്റ് ഫോർമാറ്റിനിറങ്ങുന്നത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ് ഇന്ത്യ അവസാനമായി ടെസ്റ്റ് കളിച്ചത്. അവിടെ ആദ്യ ടെസ്റ്റിലെ വിജയത്തിന് ശേഷം രണ്ട് മത്സരങ്ങൾ തോറ്റ് പരമ്പര കൈവിടുകയായിരുന്നു. ഫോം നഷ്ടപ്പെട്ട അജിങ്ക്യ രഹാനെയെയും ചേതേശ്വർ പുജാരയെയും ഒഴിവാക്കിയാണ് ഇന്ത്യൻ ടീം ലങ്കയ്‌ക്കെതിരെ പടയൊരുക്കുന്നത്. വൃദ്ധിമാൻ സാഹയെയും ഒഴിവാക്കുകയായിരുന്നു. കോച്ച് രാഹുൽ ദ്രാവിഡിന്റെ തീരുമാനമനുസരിച്ചാണ് പഴയ മുഖങ്ങളെ മാറ്റി യുവതാരങ്ങൾക്ക് അവസരം നൽകാൻ ഈ പരമ്പര പ്രയോജനപ്പടുത്തുന്നത്. പുതിയ നായകൻ രോഹിതിനൊപ്പം കഴിവുതെളിയിച്ച യുവതാരങ്ങളായ ശുഭ്മാൻ ഗിൽ,ശ്രേയസ് അയ്യർ,മായാങ്ക് അഗർവാൾ,ഹനുമ വിഹാരി,റിഷഭ് പന്ത് തുടങ്ങിയവരുണ്ടാകും. രോഹിതും മായാങ്കും ചേർന്നാവും ഓപ്പണിംഗിനെത്തുക.മദ്ധ്യനിരയിൽവിരാടിന് പിന്നാലെ ഗിൽ, ശ്രേയസ്,വിഹാരി എന്നിവരിറങ്ങാനാണ് സാദ്ധ്യത. പരിക്ക് മാറി ട്വന്റി-20 പരമ്പരയിൽ കളിച്ച രവീന്ദ്ര ജഡേജ ടെസ്റ്റ് ടീമിലുമുണ്ട്. രവി ചന്ദ്രൻ അശ്വിൻ -ജഡേജ സ്പിൻ ദ്വയത്തിന്റെ തിരിച്ചുവരവ് മൊഹാലിയിൽ കാണാനാകും.മൂന്നാം സ്പിന്നറായി ജയന്ത് യാദവോ കുൽദീപ് യാദവോ എത്താനാണ് സാദ്ധ്യത. വൈസ് ക്യാപ്ടൻ ജസ്പ്രീത് ബുംറയെക്കൂടാതെ ഷമിയോ സിറാജോ പേസറായി ഉണ്ടാകും.
ദിമുത്ത് കരുണരത്‌നെയാണ് ശ്രീലങ്കയെ നയിക്കുന്നത്. ലാഹിരു തിരിമന്നെ,പാത്തും നിസംഗ,ഏഞ്ചലോ മാത്യൂസ്,ധനഞ്ജയ ഡിസിൽവ,ദിനേശ് ചാന്ദിമൽ,നിരോഷൻ ഡിക്ക്വെല്ല,സുരംഗ ലക്മൽ തുടങ്ങിയവർ ശ്രീലങ്കയ്ക്കായി കളത്തിലിറങ്ങും.
ഇന്ത്യൻ മണ്ണിൽ ഇതുവരെ ഒരു ടെസ്റ്റ് വിജയം പോലും നേടാനാകാത്ത ടീമാണ് ലങ്ക. 38 റൺസ് കൂടി നേടിയാൽ വിരാട് കൊഹ്ലിക്ക് ഏറ്റവും വേഗത്തിൽ ടെസ്റ്റിൽ 8000 റൺസ് തികയ്ക്കുന്ന ബാറ്ററാകാം.
5 വിക്കറ്റുകൾ കൂടി നേടിയാൽ അശ്വിന് കപിൽ ദേവിന്റെ 434 ടെസ്റ്റ് വിക്കറ്റുകൾ മറികടന്ന് ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ നേടിയ രണ്ടാമത്തെ ഇന്ത്യൻ ബൗളറാകാം.ഇപ്പോൾ 430 വിക്കറ്റുകളാണ് അശ്വിനുള്ളത്.
10 വിക്കറ്റുകൾ കൂടി നേടിയാൽ അശ്വിന് മുൻ കിവീസ് പേസർ റിച്ചാർഡ് ഹാഡ്‌ലി(431),ലങ്കൻ സ്പിന്നർ രംഗണ ഹെറാത്ത് (433),ഇന്ത്യൻ പേസർ കപിൽ ദേവ് (434),ഡേൽ സ്റ്റെയ്ൻ (439) എന്നിവരെയൊക്കെ മറികടന്ന് ആഗോള ടെസ്റ്റ് വിക്കറ്റ് വേട്ടയിൽ എട്ടാമതെത്താം. രണ്ടാമത്തെ ടെസ്റ്റ് ബെംഗളുരുവിൽ ഡേ ആൻഡ് നൈറ്റായാണ് നടക്കുന്നത്.