നോര്‍ത്ത് സൗണ്ട് : ലോകകിരീടം കൈപ്പിടിയിലൊതുക്കാൻ ഇന്ത്യയുടെ യുവ പോരാളികൾ ഇന്ന് ഗ്രൗണ്ടിലിറങ്ങും. അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും.വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 6.30-ന് മത്സരം ആരംഭിക്കും.
14 ടൂര്‍ണമെന്റുകളിലായി എട്ട് ഫൈനല്‍ കളിക്കുകയും നാല് കിരീടം നേടുകയും ചെയ്ത ഇന്ത്യ അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും നേട്ടം കൈവരിച്ച ടീമാണ്. പ്രതിസന്ധികളെ നേരിട്ടായിരുന്നു ഇന്ത്യയുടെ മുന്നേറ്റം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോവിഡ് ബാധിച്ചതിനാല്‍ യഷ് ദൂലിനും വൈസ് ക്യാപ്റ്റന്‍ ഷെയ്ഖ് റഷീദിനും മൂന്ന് ലീഗ് മത്സരങ്ങളില്‍ രണ്ടും നഷ്ടമായി. രോഗം ഏറ്റവും അവശനാക്കിയത് ക്യാപ്റ്റനെയാണ്. എന്നാല്‍, തിരിച്ചുവന്ന ദൂല്‍ ഉജ്ജ്വല പ്രകടനത്തോടെ ഇന്ത്യയെ ഫൈനലില്‍ എത്തിച്ചു. സെമിഫൈനലില്‍ ഓസ്ട്രലേയിക്കെതിരേ അതിഗംഭീര സെഞ്ചുറി നേടി. റഷീദും സെമിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ രണ്ടുപേരുടെയും പ്രകടനം ഫൈനലില്‍ നിര്‍ണായകമാവും.
പേസര്‍മാരായ രാജ്വര്‍ധന്‍ ഹാംഗര്‍ഗേക്കര്‍, രവികുമാര്‍, സ്പിന്നര്‍ വിക്കി ഓസ്വാള്‍ എന്നിവര്‍ മികച്ച ഫോമിലാണ്. ഓസ്വാള്‍ ഇതുവരെ 12 വിക്കറ്റുകള്‍ വീഴ്ത്തിക്കഴിഞ്ഞു.
1998-ലാണ് ഇംഗ്ലണ്ടിന്റെ ഏക കിരീടധാരണം. അതിനുശേഷം ഇപ്പോഴാണ് ഫൈനലില്‍ എത്തുന്നത്. 24 വര്‍ഷത്തെ കിരീടവരള്‍ച്ച അവസാനിപ്പിക്കാനാവും അവരുടെ ശ്രമം. ഇന്ത്യയെ പോലെ ഇംഗ്ലണ്ടും ഈ ടൂര്‍ണമെന്റില്‍ തോല്‍വിയറിഞ്ഞിട്ടില്ല. ക്യാപ്റ്റന്‍ ടോം പ്രെസ്റ്റിന്റെ തകര്‍പ്പന്‍ ഫോമാണ് അവരുടെ പ്രതീക്ഷ.