വിജയം പ്രതീക്ഷിച്ചിറങ്ങി ; ആദ്യ ദിനത്തിൽ വിയർത്ത് ഇന്ത്യ ; തകർന്നടിഞ്ഞ് ഇന്ത്യൻ മുൻനിര ; ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 202 ന് പുറത്ത്

ജോഹന്നാസ്ബര്‍ഗ് : ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ പരമ്പരവിജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ 202 റണ്‍സിന് ഓൾ ഔട്ടായി. വിരാടിന് പരിക്കേറ്റതിനാല്‍ അപ്രതീക്ഷിതമായി ക്യാപ്റ്റന്‍സി ഏറ്റെടുക്കേണ്ടി വന്ന കെ.എല്‍ രാഹുലിന്റെ അര്‍ദ്ധസെഞ്ച്വറിയും (50) രവിചന്ദ്രന്‍ അശ്വിന്റെ 46 റണ്‍സുമാണ് ഇന്ത്യയെ 200 കടത്തിയത്.

Advertisements

നാലുവിക്കറ്റ് വീഴ്ത്തിയ മാര്‍ക്കോ ജാന്‍സനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കാഗിസോ റബാദയും ഡുവാനെ ഒലിവിയറും ചേര്‍ന്നാണ് ഇന്ത്യയെ തകർത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഒരു വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ആദ്യ ദിവസം കളി നിറുത്തുമ്പോള്‍ 35/1 എന്ന നിലയിലാണ് ആതിഥേയര്‍. നാലാം ഓവറില്‍ എയ്ഡന്‍ മാര്‍ക്രമിനെ വിക്കറ്റിന് മുന്നില്‍ക്കുരുക്കി ഷമിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. 11 റണ്‍സുമായി ക്യാപ്ടന്‍ ഡീന്‍ എല്‍ഗാറും 14 റണ്‍സുമായി കീഗന്‍ പീറ്റേഴ്സണുമാണ് ക്രീസില്‍. 167 റണ്‍സ് പിന്നിലാണ് ആതിഥേയര്‍.

സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റിലേതുപോലെ ബൗളര്‍മാരുടെ പറുദീസയായി വാണ്ടററേഴ്സ് സ്റ്റേഡിയത്തിലെ പിച്ചും മാറുന്നതാണ് ഇന്നലെ കണ്ടത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാഹുലും മായങ്കും (26) ചേര്‍ന്നാണ് ഓപ്പണിംഗിനെത്തിയത്. രാഹുൽ പതിയെ തുടങ്ങിയെങ്കിലും മായങ്ക് അക്രമിച്ചു കളിച്ചു . എന്നാൽ രാഹുല്‍ ഒരറ്റത്ത് പിടിച്ചുനിന്നപ്പോൾ മായങ്ക് 15-ാം ഓവറില്‍ കൂടാരം കയറി. ഇതോടെ  തകര്‍ച്ചയ്ക്ക് തുടക്കമായി.

ജാന്‍സന്റെ പന്തില്‍ പുതിയ വിക്കറ്റ് കീപ്പര്‍ വെരെയെന്നെയ്ക്ക് ക്യാച്ച്‌ നല്‍കിയാണ് മായങ്ക് മടങ്ങിയത്. തുടര്‍ന്നെത്തിയ ചേതേശ്വര്‍ പുജാര 33 പന്തുകള്‍ നേരിട്ടെങ്കിലും മൂന്ന് റണ്‍സ് മാത്രം നേടി 24-ാം ഓവറിലെ മൂന്നാം പന്തില്‍ ഒളിവിയറുടെ ബൗളിംഗില്‍ ബൗമയ്ക്ക് ക്യാച്ച്‌ നല്‍കി മടങ്ങി. തൊട്ടടുത്ത പന്തില്‍ അജിങ്ക്യ രഹാനെ(0) പീറ്റേഴ്സണിന് ക്യാച്ച്‌ നല്‍കി മടങ്ങിയതോടെ ഇന്ത്യ 49/3 എന്ന നിലയിലായി.

തുടര്‍ന്നിറങ്ങിയ ഹനുമ വിഹാരിയെ(20)ക്കൂട്ടി രാഹുല്‍ മുന്നോട്ടുനീങ്ങി. 53/3ന് ലഞ്ചിന് പിരിഞ്ഞ ഇന്ത്യ 94ലെത്തിയപ്പോഴാണ് വിഹാരിയെ നഷ്‌ടമായത്. അര്‍ദ്ധസെഞ്ച്വറി തികച്ച രാഹുല്‍ ടീം സ്കോര്‍ 116ലെത്തിയപ്പോള്‍ മടങ്ങി. 133 പന്തുകളില്‍ ഒന്‍പത് ഫോറുകള്‍ പായിച്ച രാഹുലിനെ ജാന്‍സന്‍ റബാദയുടെ കയ്യിലെത്തിക്കുകയായിരുന്നു.ഇതോടെ ഇന്ത്യ വലിയ തകര്‍ച്ചയെ മുന്നില്‍ക്കണ്ടെങ്കിലും റിഷഭ് പന്ത്(17),രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരുടെ പോരാട്ടം 150 കടത്തി.146/5എന്ന നിലയിലാണ് ചായയ്ക്ക് പിരിഞ്ഞത്.

ചായയ്ക്ക് ശേഷം അവസാന സെഷനിൽ സ്കോർ 156 ലെത്തിയപ്പോള്‍ പന്തിനെയും ജാന്‍സന്‍ മടക്കി അയച്ചു. തുടര്‍ന്ന് ശാര്‍ദ്ദൂല്‍ താക്കൂര്‍ (0),ഷമി (9) എന്നിവരും മടങ്ങി. അര്‍ദ്ധസെഞ്ച്വറിക്ക് നാലു റണ്‍സ് അകലെ അശ്വിനെ ജാന്‍സണ്‍ മടക്കി അയച്ചപ്പോള്‍ ഇന്ത്യ 187/9 ലെത്തി. തുടര്‍ന്ന് രണ്ട് ഫോറും ഒരു സിക്സുമടക്കം 14 റണ്‍സ് നേടിയ ബുംറയാണ് ഇന്ത്യയെ 200 കടത്തിയത്. ഒരു റൺസ് എടുത്ത സിറാജ് കൂടി  പുറത്തായതോടെ ഇന്ത്യൻ ഇന്നിംഗിസിന് തിരശ്ശീല വീണു.

മുൻനിര ബാറ്റർമാർ ബാറ്റിംഗ് മറന്ന മത്സരത്തിൽ ബൗളർമാരും ഓൾ റൗണ്ടർമാരും നടത്തിയ ചെറുത്തു നിൽപ്പാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്.

Hot Topics

Related Articles