ഹാങ്ചൗ: മെഡൽ വേട്ടയിൽ സെഞ്ച്വറി തികച്ച് ചരിത്രത്തിലെ ഏറ്റവും മികച്ച മെഡല്‍ നേട്ടവുമായി ഇന്ത്യ ഏഷ്യൻ ഗെയിംസിലെ തേരോട്ടം അവസാനിപ്പിച്ചു. 28 സ്വര്‍ണവും 38 വെള്ളിയും 41 വെങ്കലവുമായാണ് ഇന്ത്യൻ താരങ്ങള്‍ ചൈനയില്‍ പുതു ചരിത്രമെഴുതിയത്. ഗെയിംസിന്റെ അവസാന ദിനമായ ഞായറാഴ്ച ഇന്ത്യയ്ക്ക് മത്സരങ്ങളില്ല. മെഡല്‍ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
ഏഷ്യൻ ഗെയിംസിന്റെ 14ാം ദിനം ഇന്ത്യ 12 മെഡലുകളാണു നേടിയത്. ഇന്നലെ മാത്രം ആറ് ഇനങ്ങളില്‍ സ്വര്‍ണം സ്വന്തമാക്കി. മെഡല്‍ പട്ടികയില്‍ ചൈന ഒന്നാം സ്ഥാനം ഉറപ്പിച്ചു. കബഡിയില്‍ പുരുഷ- വനിതാ വിഭാഗങ്ങളില്‍ സ്വര്‍ണം നേടിയ ഇന്ത്യ ക്രിക്കറ്റിലും അമ്ബെയ്ത്തിലും സ്വര്‍ണം കൊയ്തു. 86 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഇനത്തിന്റെ ഹസ്സൻ യസ്ദാനിയോട് 0-10 ന് തോറ്റ ഇന്ത്യൻ ഗുസ്തി താരം ദീപക് പുനിയ വെള്ളിയും നേടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അവസാന ഇനമായ പുരുഷ- വനിതാ ചെസില്‍ ഇന്ത്യ വെള്ളി നേടി. വന്തിക അഗ്രവാള്‍, സവിത ശ്രീ ഭാസ്കര്‍, ഹരിക ദ്രോണവല്ലി, കൊനേരു ഹംപി, വൈശാലി രമേഷ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് വനിതാ ചെസില്‍ ഇന്ത്യക്ക് വെള്ളിത്തിളക്കം സമ്മാനിച്ചത്. പുരുഷന്മാരുടെ ചെസില്‍ അര്ജുൻ എറിഗൈസി, വിദിത് സന്തോഷ്, പി. ഹരികൃഷ്ണ, ആര്. പ്രഗ്നാനന്ദ, ഡി. ഗുകേഷ് സഖ്യമാണ് ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ നേടിയത്.