ശുഭ്മാൻ ഗില്ലാടി ; പുതിയ റെക്കോർഡ് അടിച്ചെടുത്ത് ഇന്ത്യൻ യുവ താരം ; മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോർഡിൽ ബാബർ അസമിനൊപ്പം

ഇൻഡോർ : ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും തകര്‍പ്പന്‍ സെഞ്ച്വറിയുമായി കളംനിറഞ്ഞ് ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്‍. ഇന്‍ഡോര്‍ ഏകദിനത്തില്‍ 78 പന്തുകളില്‍നിന്ന് 112 റണ്‍സെടുത്താണ് താരം പുറത്തായത്.
താരത്തിന്‍റെ കരിയറിലെ നാലാം ഏകദിന സെഞ്ച്വറിയാണിത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി (208) നേടിയ താരം രണ്ടാം മത്സരത്തില്‍ പുറത്താകാതെ 40 റണ്‍സും എടുത്തിരുന്നു.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ടോപ് സ്കോററും ഗില്‍ തന്നെയാണ്. അതിവേഗം ആയിരം റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം നേരത്തെ തന്നെ ശുഭ്മാന്‍ ഗില്‍ സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ മറ്റൊരു റെക്കോഡ് കൂടി താരം സ്വന്തം പേരിലാക്കി.
മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടത്തില്‍ പാകിസ്താന്‍ നായകന്‍ ബാബര്‍ അസമിനൊപ്പം ഗില്ലുമെത്തി. മൂന്നു മത്സരങ്ങളില്‍നിന്നായി ഒരു ഇരട്ട സെഞ്ച്വറിയടക്കം താരം നേടിയത് 360 റണ്‍സാണ്. 2016ല്‍ വെസ്റ്റിന്‍ഡീസിനെതിരെ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്ബരയില്‍ ബാബര്‍ അസമും 360 റണ്‍സ് നേടിയിരുന്നു. ഒരു റണ്‍ കൂടി നേടിയിരുന്നെങ്കില്‍ ഗില്ലിന് പാക് താരത്തെ മറികടക്കാമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ 350ന് മുകളില്‍ റണ്‍സെടുക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് 23 വയസ്സുള്ള ശുഭ്മന്‍ ഗില്‍. ഗില്ലിനു പിന്നിലുള്ളത് ബംഗ്ലദേശ് താരം ഇമ്റുല്‍‌ കയസ് (349), ദക്ഷിണാഫ്രിക്ക താരം ക്വിന്റന്‍ ‍‍ഡി കോക്ക് (342), ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്ടില്‍ (330) എന്നിവരാണ്.
കൂടാതെ, ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ റെക്കോഡും ശുഭ്മാന്‍ ഗില്‍ മറികടന്നു. ഏകദിനത്തില്‍ അതിവേഗം നാലു സെഞ്ച്വറികള്‍ നേടുന്ന ഇന്ത്യന്‍ ബാറ്ററെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. നാലു സെഞ്ച്വറികള്‍ നേടാന്‍ താരത്തിന് വേണ്ടിയിരുന്നത് 21 ഇന്നിങ്സുകള്‍ മാത്രം. എന്നാല്‍, 24 ഇന്നിങ്സുകളില്‍നിന്നാണ് ധവാന്‍ നാലു സെഞ്ച്വറി നേട്ടത്തിലെത്തിയത്.

Hot Topics

Related Articles