കത്തുന്ന വെയിലിലും ശോഭയില്ലാതെ സൂര്യൻ ; ഇന്ത്യയുടെ സൂര്യൻ നിറം മങ്ങി തുടങ്ങിയോ ; കുട്ടി ക്രിക്കറ്റിലെ സൂപ്പർ താരത്തിന് ഏകദിനത്തിൽ വീണ്ടും പിഴച്ചു ; മൂന്നാം തവണയും അക്കൗണ്ട് തുറക്കാനാവാതെ സൂര്യകുമാർ യാദവ്

സ്പോർട്സ് ഡെസ്ക്ക് : കുട്ടി ക്രിക്കറ്റിൽ പകരം വയ്ക്കാനില്ലാത്ത പോരാളി. ഗ്രൗണ്ടിന് തലങ്ങും വിലങ്ങും ഏത് ദിശയിലേയ്ക്കും അനായാസമായി ഷോട്ടുകൾ പായിക്കാൻ ശേഷിയുള്ള പ്രതിഭ. ക്രിക്കറ്റ് ഇതിഹാസങ്ങൾ തിയറി ബുക്കിൽ ഇതുവരെ എഴുതിച്ചേർക്കാത്ത പല ഷോട്ടുകളും കളിക്കുന്നവൻ. അക്ഷരാർത്ഥത്തിൽ ഒരു മാസ് എന്റർടൈനർ …..ഇങ്ങനെ നീളുകയാണ് ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരം സ്കൈ എന്ന് വിളിപ്പേരുള്ള സൂര്യകുമാർ യാദവിന്റെ വിശേഷണങ്ങൾ.

അവസരങ്ങൾ ഏറെ വൈകി മാത്രം തേടിയെത്തിയ താരം. പക്ഷേ കിട്ടിയ അവസരങ്ങളിൽ കുട്ടി ക്രിക്കറ്റിൽ തന്റെ മികവ് അയാൾ എഴുതിച്ചേർത്തിട്ടുണ്ട്. എന്തിനാണ് പഴയ കാര്യങ്ങൾ പറഞ്ഞ് കാടു കയറുന്നത് ? സംഗതി നിങ്ങൾ ഉദ്ദേശിച്ചത് തന്നെ. 20 ഓവർ മത്സരങ്ങളിൽ മിന്നുന്ന സൂര്യശോഭ 21 ആം ഓവർ മുതൽ എങ്ങനെയാണ് അസ്തമിച്ചു തുടങ്ങുന്നത് ? കനലുപോലെ ചുട്ടു പൊള്ളുന്ന വെയിലിലും ഇന്ത്യയുടെ സൂര്യൻ തണുത്തുറഞ്ഞ കരിക്കട്ടയായി പരിണമിക്കുന്നിടത്താണ് ഈ ചോദ്യങ്ങളുടെയെല്ലാം ആരംഭം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓസ്ട്രേലിയയ്ക്ക് എതിരായ 3 മത്സരങ്ങൾ നിങ്ങൾ പരിശോധിക്കുക. ആദ്യത്തെ മത്സരത്തിൽ മുൻ നിര എല്ലാം തകർന്നു എന്നോർത്ത് സമാധാനിക്കാം. ഒരു പക്ഷേ സ്റ്റാർക്കിന്റെ സ്റ്റാർ ബോളിംഗിൽ ചുവട് പിഴച്ചത് ആകസ്മികത മാത്രമായി ചുരുക്കാം. പക്ഷേ രണ്ടാം മത്സരത്തിലും ഇന്നിതാ മൂന്നാം മത്സരത്തിലും സ്വർണ താറാവിനേയും കയ്യിലേന്തിയാണ് സൂര്യ ദേവൻ പവലിയനെന്ന ദേവേന്ദ്ര ലോകത്തേക്ക് തിരിച്ച് നടന്നത്. അവിടെ എങ്ങിനെയാണ് ആകസ്മികതയെ കൂട്ട് പിടിക്കാനാവുക. നേരിട്ട ആദ്യ പന്തിൽ തന്നെ വിക്കറ്റ് വലിച്ചെറിഞ്ഞ് തിരികെ നടക്കുകയെന്നാൽ അതും തുടർച്ചയായി 3 തവണകളായി ഇത് തന്നെ ആവർത്തിക്കുകയെന്നാൽ ഒന്നുറപ്പിക്കാം അയാളുടെ നിയോഗം 50 ഓവർ മത്സരങ്ങളിലല്ല മറിച്ച് മറ്റൊരിടത്താണ്. ടീം അയാളിൽ നിന്ന് മുൻപ് പ്രതീക്ഷിച്ചിരുന്നതും ആ മേഖലയിൽ തന്നെയാണ് ട്വന്റി ട്വന്റി ക്രിക്കറ്റ്. പിന്നെ എന്തിന് ഇനിയും ഇങ്ങനെ അവസരങ്ങൾ നൽകുന്നു. ഈ ചോദ്യം ഇവിടെ അവസാനിപ്പിക്കട്ടെ.

പക്ഷേ സംഗതി അവിടെ അവസാനിക്കുന്നില്ല എന്നതാണ് സത്യം. സഞ്ജു ഉൾപ്പടെ മികവേറിയ താരങ്ങൾ ഒട്ടനവധിയാണ് ഇന്ത്യൻ ടീമിൽ . ഒരവസരത്തിനായി , അത് വഴി ഒരു മികച്ച ഇന്നിംഗ്സിനായി കാത്തിരിക്കുന്നവർ . അവർക്ക് മുന്നിൽ സ്വയം അപഹാസ്യനാവുകയാണ് അക്ഷരാർത്ഥത്തിൽ സൂര്യകുമാർ. സ്കോറും വിക്കറ്റും നോക്കി ബാറ്റേന്തുക , ബൗണ്ടറികൾ ഇടയ്ക്ക് കണ്ടെത്തി സ്കോറിന്റെ താളം നിലനിർത്തുക. സിംഗിളുകളും ഡബിളുകളും നേടി മധ്യ ഓവറുകളിൽ കളം നിറയുക …. ഇങ്ങനെ നീളുകയാണ് ഏകദിന ക്രിക്കറ്റിലെ കളി മെനയൽ.

അത് ഒരു കലയാണ്. നേരിടുന്ന ആദ്യ പന്തു മുതൽ തന്നെ അതിർത്തി വര താണ്ടിക്കുക എന്ന അതിവേഗ ക്രിക്കറ്റിൽ നിന്ന് വിഭിന്നമായി പതിയെ അവസരോചിതമായി കളി മെനഞ്ഞ് കളിക്കുക അതാണ് ഏകദിനം ആവശ്യപ്പെടുന്നത്. ഒരു പക്ഷേ അത് തന്നെയാകാം അയാളുടെ സമ്മർദവും. അതിവേഗ ക്രിക്കറ്റിൽ അയാൾ പുലി തന്നെയാണ് എന്നതിൽ തർക്കമില്ലാത്ത വസ്തുതയാകുമ്പോൾ ഇവിടെ അയാൾ എലിയാകുന്നത് വേദനാജനകമാണ്. പ്രിയ സൂര്യ മടങ്ങി വരിക അതിവേഗ ക്രിക്കറ്റ് എന്ന സ്വന്തം തട്ടകത്തിൽ മികവുറ്റ ഇന്നിംഗ്സുകളുമായി . നിറം മങ്ങിത്തുടങ്ങിയെന്ന ചിന്തകൾ അവസാനിക്കുന്നിടത്തു നിന്നും സൂര്യ ശോഭയോടെ ഉയർന്ന് ജ്വലിക്കുക……

Hot Topics

Related Articles