സ്പോർട്സ് ഡെസ്ക് : എല്ലാം അവസാനിച്ചു എന്ന് കരുതി തുടങ്ങിയിടത്തുനിന്നും ചെറുപുഞ്ചിരിയോടുകൂടി ഇനി നിങ്ങൾക്ക് ചിന്തിച്ചു തുടങ്ങാം ……കാലം ഒന്നും അവസാനിപ്പിച്ചിട്ടില്ല. കൂടുതൽ കരുത്തോടുകൂടി പുതിയ നക്ഷത്രങ്ങളെ ഈ പുതിയ കാലം ചേർത്തു പിടിക്കുകയാണ് ഇവിടെ. ഏറെ വൈകിപ്പോയ ഒരു തീരുമാനത്തിന്റെ കുറ്റബോധം മാത്രമായിരിക്കാം ഒരുപക്ഷേ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ സെലക്ഷൻ കമ്മിറ്റിക്ക് ഉണ്ടായിരിക്കുക അതിനുമപ്പുറം മറ്റൊന്നും തന്നെ അവർക്ക് ചിന്തിക്കാൻ ഉണ്ടായിരിക്കില്ല എന്നത് തന്നെയാണ് വസ്തുത.
ആദ്യമായിട്ടല്ല അരങ്ങേറ്റ മത്സരത്തിൽ തന്നെ ഒരു ബാറ്റർ തൻറെ ആദ്യ സെഞ്ചുറി നേടുന്നത് അങ്ങനെയിരിക്കെ എന്തുകൊണ്ടാണ് പുതുതലമുറയിലെ ഒരു ബാറ്റർ മാത്രം കൂടുതൽ പ്രശംസയ്ക്ക് പാത്രമാകുന്നത് ? തീർച്ചയായും ഏതൊരാൾക്കും തോന്നാവുന്ന സംശയം മാത്രമാണിത് പക്ഷേ സംശയമെന്ന വാക്കിൻറെ ഫുൾസ്റ്റോപ്പിന് അപ്പുറം കാര്യങ്ങൾ അപ്രസക്തമാവുകയാണ് .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യത്തെ രാജ്യാന്തര മത്സരം അതും അന്യ നാട്ടിലെ ആതിഥേയ പ്രീണിതമായ പിച്ചും. ഇതിനൊക്കെ അകമ്പടിയായി ആശങ്കകളുടെയും ആകുലതകളുടെയും നടുക്കടലിൽ നിൽക്കുന്ന ഒരു ടീം ലൈനപ്പും . ഒരു യുവ ബാറ്റർക്ക് സമ്മർദത്തിലാകുവാൻ ഇതൊക്കെ തന്നെ ധാരാളമാണ്. അവിടെയാണ് ജീവിതത്തിന്റെ അനുഭവ സമ്പത്തുമായി ജയ്സ്വാൾ എന്ന ഇടം കയ്യൻ പയ്യൻ വളരെ അനായാസമായി ബാറ്റേന്തുന്നത്.
കുട്ടി ക്രിക്കറ്റിന്റെ അതിവേഗ പാതയിൽ നിന്നും ഇഴഞ്ഞു നീങ്ങുന്ന ടെസ്റ്റ് ക്രിക്കറ്റിന്റെ ശാന്തമായ ശൈലിയിലേക്ക് അതിവേഗം ചുവട് മാറ്റിയപ്പോഴും അക്രമകാരിയിൽ നിന്നും ശാന്ത സ്വഭാവിയിലേക്ക് എത്ര വേഗത്തിലാണ് അയാൾ പരകായ പ്രവേശം നടത്തിയത്. ഒരു സന്നാഹ മത്സരത്തിന്റെ ബാക്ക്അപ്പ് പോലും ജയ്സ്വാളിന്റെ ഇന്നിംഗ്സിന് കരുത്ത് പകരുവാൻ ഒപ്പമില്ലായിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. കരീബിയൻ ബൗളർമാർക്ക് ഒരു ഘട്ടത്തിൽ പോലും ആധിപത്യം നേടുവാൻ ഇട നൽകാതെ നല്ല ഒന്നാന്തരം ഇന്നിംഗ്സ് . ക്യാപ്റ്റൻ രോഹിത് ശർമ്മയെ സാക്ഷി നിർത്തി ആദ്യ മത്സരത്തിൽ തന്നെ ആദ്യ സെഞ്ചുറിയും തികയ്ക്കുവാൻ കഴിയുന്നുണ്ട് എങ്കിൽ ചെക്കന്റെ ലെവൽ ഒന്ന് വേറെ തന്നെയാണ്.
കാലമേ നീ ഓർത്ത് വെയ്ക്കുക പുതിയ നാളെയുടെ ചരിത്ര ഇടങ്ങളിൽ സുവർണ്ണ ലിപികളാൽ എഴുതിച്ചേർക്കപ്പെടാൻ വേണ്ടി പോകുന്ന ഇന്ത്യയുടെ നക്ഷത്ര കണ്ണുള്ള രാജകുമാരന്റെ നാമധേയത്തെ …..
യശസ്വി ജയ്സ്വാൾ …..
അവൻ തുടങ്ങിയിട്ടെയുള്ളൂ …….