കാലിഫോർണിയ: ജോണ്‍സ് ഹോപ്കിൻസ് സെന്‍റര്‍ ഫോര്‍ ടാലന്‍റഡ് യൂത്ത് തയ്യാറാക്കിയ ‘ലോകത്തിലെ ഏറ്റവും മികച്ച’ വിദ്യാര്‍ഥികളുടെ പട്ടികയില്‍ ഇന്ത്യൻ അമേരിക്കൻ വംശജയായ 9 വയസ്സുകാരിയും. കാലിഫോര്‍ണിയയിലെ ഫ്രീമോണ്ടിലുള്ള വാം സ്പ്രിങ് എലിമെന്‍ററി സ്‌കൂള്‍ വിദ്യാര്‍ഥിനി പ്രീഷ ചക്രവര്‍ത്തിയാണ് അപൂര്‍വ്വ നേട്ടം കൈവരിച്ചത്. 90ലധികം രാജ്യങ്ങളില്‍ നിന്നുള്ള 16,000ലധികം വിദ്യാര്‍ഥികളുടെ ഗ്രേഡ്-ലെവല്‍ പരീക്ഷകളുടെ ഫലങ്ങള്‍ വിലയിരുത്തിയാണ് പ്രീഷയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് ജോണ്‍സ് ഹോപ്കിൻസ് സെന്‍റര്‍ ഫോര്‍ ടാലന്‍റഡ് യൂത്ത് അറിയിച്ചു.
കലിഫോര്‍ണിയയിലെ ഫ്രീമോണ്ടിലുള്ള വാം സ്പ്രിങ് എലിമെന്‍ററി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് പ്രീഷ. 2023 ല്‍ യുഎസ് ആസ്ഥാനമായുള്ള ജോണ്‍സ് ഹോപ്കിൻസ് സെന്‍റര്‍ ഫോര്‍ ടാലന്‍റഡ് യൂത്ത് നടത്തിയ ടെസ്റ്റില്‍ പ്രീഷ പങ്കെടുത്തിരുന്നു. ടെസ്റ്റിംഗ്, പ്രോഗ്രാമുകള്‍ എന്നിവയിലൂടെ പ്രതിഭാശാലികളായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി മുന്നോട്ട് കൊണ്ടുപോകുന്നതിനായി 1979-ല്‍ സ്ഥാപിതമായ കേന്ദ്രമാണ് സിടിവൈ. സിടിവൈയുടെ ടാലന്റ് സെര്‍ച്ചിന്റെ ഭാഗമായി എസ്‌എടി (സ്‌കോളസ്റ്റിക് അസസ്‌മെന്റ് ടെസ്റ്റ്), എസിടി (അമേരിക്കൻ കോളേജ് ടെസ്റ്റിംഗ്), സ്‌കൂള്‍, കോളേജ് എബിലിറ്റി ടെസ്റ്റ് എന്നിങ്ങനെ നിരവധി പരീക്ഷകള്‍ നടക്കും. ഇവയെല്ലാം മറിക്കടക്കുകയെന്നത് ഒട്ടും നിസ്സാരമല്ല. എന്നാല്‍ എല്ലാ പരീക്ഷകളിലും അസാധാരണ പ്രകടനമാണ് ഈ മിടുക്കി കാഴ്ചവെച്ചത്. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രീഷയുടെ അഞ്ചാം ക്ലാസ് ലെവല്‍ പരീക്ഷയിലെ പ്രകടനം കണ്ട് ഞെട്ടിയിരിക്കയാണ് പരീക്ഷ അധികൃതര്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ ഹൈ ഓണേഴ്‌സ് അല്ലെങ്കില്‍ ഗ്രാൻഡ് ഓണേഴ്‌സ്ന് യോഗ്യത നേടും. ഓരോ വര്‍ഷവും 30 ശതമാനത്തില്‍ താഴെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമെ ഇത് ലഭിക്കുന്നുള്ളു . വെര്‍ബല്‍ ക്വാണ്ടിറ്റേറ്റിവ് വിഭാഗങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ പ്രീഷ 99 പെര്‍സെന്റൈലുമായി ഗ്രാൻഡ് ഓണേഴ്‌സ് കരസ്ഥമാക്കി. ഗ്രാൻഡ് ഓണേഴ്‌സ് നേടിയ പ്രീഷക്ക് ഇനി ജോണ്‍സ് ഹോപ്കിൻസ് സിടിവൈയുടെ 2 മുതല്‍ 12 വരെ ക്ലാസ്സുകളിലെ മികച്ച വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഗണിതശാസ്ത്രം, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്, രസതന്ത്രം, ഭൗതികശാസ്ത്രം, വായന, എഴുത്ത് തുടങ്ങി 250ലധികം ഓണ്‍ലൈൻ, ക്യാമ്പസ് പ്രോഗ്രാമുകളില്‍ പങ്കെടുക്കാം. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഹൈ ഐക്യു സൊസൈറ്റിയായ മെൻസ ഫൗണ്ടേഷന്റെ അംഗമാണ് ഈ കൊച്ചു മിടുക്കി. സ്റ്റാൻഡേര്‍ഡ്, സൂപ്പര്‍വൈസ്ഡ് ഐക്യു ടെസ്റ്റിലോ മറ്റ് അംഗീകൃത ഇന്റലിജൻസ് ടെസ്റ്റുകളിലോ 98-ാം ശതമാനമോ അതില്‍ കൂടുതലോ സ്കോര്‍ ചെയ്യുന്ന ആളുകള്‍ക്ക് മാത്രമെ മെൻസ ഫൗണ്ടേഷനില്‍ അംഗത്വം ലഭിക്കുകയുള്ളു. പ്രതിഭാശാലികളായ വിദ്യാര്‍ത്ഥികളെ കണ്ടെത്താനായി ദേശീയതലത്തില്‍ നടത്തുന്ന നാഗ്ലിയേരി നോണ്‍ വെര്‍ബല്‍ എബിലിറ്റി ടെസ്റ്റില്‍ 99 ശതമാനം നേടിയാണ് പ്രീഷ ഇവിടെ അംഗത്വം നേടുന്നത്.
ഈ നേട്ടം കരസ്ഥമാക്കുമ്പോള്‍ പ്രീഷയുടെ പ്രായം വെറും ആറ് വയസ്സ് മാത്രമാണ്. ചെറിയപ്രായത്തില്‍ തന്നെ പ്രീഷ പഠനത്തില്‍ വളരെയധികം താല്‍പര്യം കാണിച്ചിരുന്നതായി താരത്തിന്റെ മാതാപിതാക്കള്‍ പറയുന്നു. കൂടാതെ തുടക്കം മുതല്‍ തന്നെ പ്രീഷയുടെ അക്കാദമിക് കഴിവുകള്‍ അസാധാരണമായിരുന്നെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. പഠനത്തോടൊപ്പം യാത്രകള്‍, ആയോധന കലകള്‍ എന്നിവയിലും പ്രീഷക്ക് താല്‍പര്യമുണ്ട്. ജോണ്‍സ് ഹോപ്കിൻസ് സെന്‍റര്‍ ഫോര്‍ ടാലന്‍റഡ് യൂത്ത് അംഗീകരിച്ച ‘ലോകത്തിലെ ഏറ്റവും മികച്ച’ വിദ്യാര്‍ഥികളുടെ പട്ടികയില്‍ 13 വയസ്സുള്ള ഇന്ത്യൻ-അമേരിക്കൻ വിദ്യാര്‍ത്ഥി നതാഷ പെരിയനായഗവും തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഇടം നേടിയിട്ടുണ്ട്. ന്യൂജേഴ്‌സിയിലെ ഫ്ലോറൻസ് എം ഗൗഡിനീര്‍ മിഡില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് നതാഷ. ന്യൂജഴ്സിയിലെ ഫ്ലോറൻസ് എം ഗൗഡിനീര്‍ മിഡില്‍ സ്‌കൂളില്‍ പഠിക്കുന്ന പെരിയനായഗം, 2021ല്‍ ജോണ്‍സ് ഹോപ്കിൻസ് സെന്‍റര്‍ ഫോര്‍ ടാലന്‍റഡ് യൂത്ത് ടെസ്റ്റിലും പങ്കെടുത്തിട്ടുണ്ട്.